Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായയുടെ കഴുത്തിൽ പിടിമുറുക്കി; ഉടമ കംഗാരുവിന്റെ മുഖത്തിടിച്ചു

kangaroo attacks dog

ഓസ്ട്രേലിയയിൽ നടന്ന രസകരമായൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. കാൻസർ ബാധിതനായ സുഹൃത്തിന്റെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാനാണ് വേട്ടക്കാരായ സുഹൃത്തുക്കൾ അവന്റെ നായ്ക്കളുമൊത്ത് വേട്ടക്കിറങ്ങിയത്. കാട്ടു പന്നിയെ തന്റെ മിടുക്കരായ നായകൾ വേട്ടയാടുന്നതു കാണണമെന്നായിരുന്നു കാൻസര്‍ ബാധിതനായ 19 കാരൻ കൈലം ബാർവിക്കിന്റെ ആഗ്രഹം. ഇതിനായി കൂട്ടുകാരൊന്നിച്ചൊരു വാഹനത്തിലാണ് നായകളുമൊത്ത് കാട്ടിലേക്കെത്തിയത്.

കാട്ടു പന്നികളെ വേട്ടയാടാനായി നായ്ക്കളെ ആദ്യം തന്നെ വാഹനത്തിൽ നിന്നും പുറത്തിറക്കിയ സംഘം അവയെ വാഹനത്തിൽ പിന്തുടർന്നു. കാട്ടു പന്നിയെ ഓടിച്ചിട്ടു പിടിക്കാൻ പോയ നായയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ കൈലം കണ്ടത് തന്റെ പ്രിയപ്പെട്ട വളർത്തു നായയെ ആക്രമിക്കുന്ന കംഗാരുവിനെയാണ്. നായയുടെ കഴുത്തിൽ മുൻകാലുകൾകൊണ്ട് ഇറുക്കിപ്പിടിച്ച കംഗാരു നായ കുതറിയിട്ടും വിടാൻ തയാറല്ലായിരുന്നു. നായയെ രക്ഷിക്കാനായി കൈലം അരികിലേക്കെത്തിയപ്പോഴാണ് കംഗാരു കഴുത്തിൽ നിന്നുള്ള പിടി വിട്ടത്. നായയെ വിട്ട് കൈലത്തിനെ ആക്രമിക്കാനായി കംഗാരുവിന്റെ അടുത്ത ശ്രമം. ഇതു തടയാനാണ് യുവാവ് കംഗാരുവിന്റെ മുഖത്ത് ആഞ്ഞിടിച്ചത്. ഇടികൊണ്ടു പതറി നിൽക്കുന്ന കംഗാരുവിനെയും ദൃശ്യങ്ങളിൽ കാണാം.

അൽപ സമയത്തിനു ശേഷം സ്ഥലകാലബോധം വീണ്ടുകിട്ടിയ കംഗാരു കാട്ടിലേക്ക് ഓടിമറഞ്ഞു. വാഹനത്തിൽ കൈലത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്താണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ ‍ജൂണിൽ ഓസ്ട്രേലിയയിൽ നടന്ന സംഭവം കഴിഞ്ഞ ദിവസം കൈലം ബാർവിക്കിന്റെ മരണശേഷമാണ് സുഹൃത്തുക്കൾ പുറത്തു വിട്ടത്. യുവാവിന്റെ കുടുംബാഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായുള്ള സമർപ്പണം കൂടിയാണ് ഈ ദൃശ്യങ്ങൾ. 14 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ വിഡിയോ കണ്ടുകഴിഞ്ഞു.