Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫ് ആൻഡ് ടഫ് ഇഗ്വാന!

Iguana ഇഗ്വാന

നാലുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്കു ചാടി ചുമ്മാ പൊടിയും തട്ടി എഴുന്നേറ്റു പോകുന്ന ഒരു മനുഷ്യനെ നിങ്ങൾക്ക് സങ്കൽപിക്കാനാവുമോ? ബുദ്ധിമുട്ടായിരിക്കും അല്ലേ? എന്നാൽ ഇഗ്വാനകൾക്ക് ഇക്കാര്യം ഈസിയാണ്. മരത്തിനു മുകളിൽ നാൽപത് അടി ഉയരെയാണെങ്കിലും ജീവനു ഭീഷണിയുണ്ടായാൽ ഇവ താഴേക്കെടുത്തു ചാടി രക്ഷപ്പെടും!

പല്ലിവർഗത്തിൽ ഇഗ്വാനിഡേ (Iguanidae) കുടുംബത്തിൽ പെട്ട സാമാന്യം വലിയൊരു ജീവിയാണ് ഇഗ്വാന (Iguana). തെക്കേ അമേരിക്കയിലും സെൻട്രൽ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമാണ് ഇവയുള്ളത്. അമേരിക്കൻ വൻകരകളിൽ കാണുന്ന പല്ലിവർഗങ്ങളിൽ ഏറ്റവും വലുപ്പമുള്ള ഇവയ്ക്ക് ആറരയടിയോളം നീളവും അഞ്ചു കിലോയോളം തൂക്കവുമുണ്ടാകും. ചുറ്റുപാടുമായി ലയിച്ചുചേരുന്ന കളർ സ്കീം അത്യുഗ്രൻ കാഴ്ചശക്തി, കൂർത്തപല്ല്, ശക്തമായ വാൽ എന്നിവ ഇഗ്വാനകളുടെ പ്രത്യേകതകളാണ്.

കാഴ്ചയിൽ റഫ് ആൻഡ് ടഫ് ആണെങ്കിലും ഇഗ്വാനകളുടെ ഇഷ്ടഭക്ഷണം പൂക്കളും ഇലകളും പഴങ്ങളുമൊക്കെയാണ്. ഗത്യന്തരമില്ലെങ്കിൽ മാത്രമേ നോൺവെജ് കഴിക്കൂ. മരങ്ങളുടെ മുകളിൽ വെള്ളത്തിലേക്കു ചാഞ്ഞു നിൽക്കുന്ന കൊമ്പുകളിലാണ് മിക്കവാറും സമയം കഴിച്ചുകൂട്ടുക. ആരെങ്കിലും ആക്രമിക്കാൻ വന്നാൽ എത്ര ഉയരെ നിന്നും വെള്ളത്തിലേക്കെടുത്തു ചാടും. ഒന്നാന്തരം നീന്തൽക്കാർ കൂടിയാണിവ.

ഗ്രീൻ ഇഗ്വാന(കോമൺ ഇഗ്വാന), ബാൻഡഡ് ഇഗ്വാന, ഡെസെർട്ട് ഇഗ്വാന,മറൈൻ ഇഗ്വാന തുടങ്ങി പല അംഗങ്ങളുണ്ട് ഇഗ്വാനക്കുടുംബത്തിൽ. ഇന്ന് അമേരിക്കക്കാർ ഏറ്റവും കൂടുതലായി ഇണക്കിവളർത്താൻ ശ്രമിക്കുന്ന ഉരഗജീവി കൂടിയാണ് ഇഗ്വാനകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.