Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2015ൽ റജിസ്റ്റർ ചെയ്തത് 1.96 കോടി വാഹനങ്ങൾ

INDIA-ENVIRONMENT-POLLUTION-COURT

രാജ്യത്തെ പുതിയ വാഹന റജിസ്ട്രേഷൻ കഴിഞ്ഞ വർഷം 1.96 കോടി യൂണിറ്റെന്ന റെക്കോഡ് തലത്തിലെത്തി. പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത മൂലം സ്വകാര്യ വാഹന വിൽപ്പനയിലുണ്ടായ കുതിച്ചുചാട്ടമാണു റജിസ്ട്രേഷൻ റെക്കോഡ് നിലവാരത്തിലെത്തിച്ചതെന്നാണു വിലയിരുത്തൽ. ഇതോടെ 2015ൽ രാജ്യത്തു പ്രതിദിനം 53,720 പുതിയ വാഹനങ്ങൾ റജിസ്റ്റർ ചെയ്തെന്നാണു കണക്ക്. രാജ്യത്തു റജിസ്റ്റർ ചെയ്യപ്പെടുന്ന പുതിയ വാഹനങ്ങളുടെ എണ്ണം 1993 വരെ 10 ലക്ഷത്തിൽ താഴെയായിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ പുതിയ വാഹന റജിസ്ട്രേഷനിൽ സ്ഥിരമായ വർധനയാണു രേഖപ്പെടുത്തിയത്. 2014ൽ ഇന്ത്യയിൽ 1.94 കോടി പുതിയ വാഹനങ്ങളാണു റജിസ്റ്റർ ചെയ്യപ്പെട്ടത്.

ഉത്തർ പ്രദേശിലാണു 2015ൽ ഏറ്റവുമധികം പുതിയ വാഹനങ്ങൾ റജിസ്റ്റർ ചെയ്തത്: 24.38 ലക്ഷം. 19.91 ലക്ഷം വാഹനങ്ങളുമായി മഹാരാഷ്ട്രയാണു രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കർണാടകത്തിൽ റജിസ്റ്റർ ചെയ്തതു 15.15 ലക്ഷം പുതിയ വാഹനങ്ങളാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലാവട്ടെ 6.27 ലക്ഷം പുതിയ വാഹനങ്ങൾ പുറത്തിറങ്ങി. സംസ്ഥാന മാറ്റം വഴിയും മറ്റും റീ റജിസ്ട്രേഷൻ സ്വീകരിച്ച വാഹനങ്ങളുടെ വിഹിതം തീർത്തും കുറവാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

പുതുതായി റജിസ്ട്രേഷൻ നേടിയവയിൽ 75 ശതമാനത്തിലേറെ ഇരുചക്രവാഹനങ്ങളാണെന്നാണു കണക്ക്. സാധാരണക്കാർക്കു താങ്ങാവുന്ന വിലയിൽ ഇരുചക്രവാഹനങ്ങൾ ലഭ്യമാണെന്നതും പ്രവർത്തന ചെലവ് ബസിലെ ടിക്കറ്റ് നിരക്കിനു സമാനമാണെന്നതുമൊക്കെ ഇത്തരം വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയരാൻ ഇടയാക്കിയിട്ടുണ്ട്. വരുംവർഷങ്ങളിലും രാജ്യത്തെ വാഹനവിൽപ്പന ഇതേ രീതിയിൽ തുടരാനാണു സാധ്യത. അടുത്ത 20 — 30 വർഷത്തിനകം രാജ്യത്തെ വാഹനങ്ങളുടെ എണ്ണം ഇപ്പോഴത്തെ 18.6 കോടിയിൽ നിന്ന് 35 കോടിയെങ്കിലുമായി ഉയരുമെന്നു ഗതാഗത വിദഗ്ധൻ എൻ രംഗനാഥൻ പ്രവചിക്കുന്നു. മൊത്തം ആഭ്യന്തര ഉൽപ്പാദനം ഏഴു ശതമാനം വളർന്നാൽ ഗതാഗത സൗകര്യങ്ങളിൽ 10% വർധന ആവശ്യമായി വരുമെന്നാണു കണക്ക്.