Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്മൃതിയിലാഴുന്ന വാഹനങ്ങൾ

Tata Sierra

എൺപതുകളിൽ പുറത്തിറങ്ങി തൊണ്ണൂറുകളും പിന്നിട്ട് ഇന്നും വിപണിയിൽ സജീവമായി നിൽക്കുന്ന പല കാറുകളുമുണ്ട് ഇന്ത്യയിൽ. മൂന്നും നാലും തലമുറകൾ പുറത്തിറങ്ങി നിറഞ്ഞ യൗവനത്തിൽ അവരങ്ങ് തിളങ്ങി നൽക്കുകയാണ്. എന്നാൽ മറ്റ് ചിലരുണ്ട്, ചെറിയ കാലയളവിൽ അസ്തമിച്ചുപോയ താരങ്ങൾ. മികച്ച വാഹനമായിരുന്നെങ്കിലും എന്തുകൊണ്ടോ വിപണിയിൽ അധികം തിളങ്ങാനായില്ല അവർക്ക്. തൊണ്ണുറുകളിൽ പുറത്തിറങ്ങി ഓർമ്മയിൽ നിന്ന് മറവിയിലേയ്ക്ക് ഓടിക്കൊണ്ടിരിക്കുന്ന അത്തരത്തിലുള്ള പത്ത് കാറുകളെ ഒന്നുകൂടി ഓർമ്മിപ്പിക്കാം.

Daewoo Cielo

ദേവൂ സീലോ

തൊണ്ണീറുകളുടെ തുടക്കത്തിൽ ഇന്ത്യ അതിന്റെ മാർക്കറ്റ് ആഗോള ബ്രാൻഡുകൾക്കായി തുറന്നുകൊടുത്തപ്പോൾ വാഹന വിപണിയിലേക്കും വിദേശ വ്യവസായികൾ ഓടിയെത്തി. അന്നോളം അംബാസഡർ നിറഞ്ഞോടിയ ഇന്ത്യൻ റോഡുകളിലേക്ക് ആദ്യമെത്തിയത് സീലോ ആയിരുന്നു. കൊറിയൻ വാഹന നിർമ്മാതാക്കളായ ദേവൂവിന്റെ  പ്രീമിയം കാറായിരുന്നു സീലോ. പുറത്തിറങ്ങി കുറച്ചുകാലം കൊണ്ട് തന്നെ സീലോ വിപണിയിലെ പ്രാധാനിയായി മാറി. സി സെഗ്മെന്റിലെ ആദ്യ ഓട്ടോമാറ്റിക്ക് കാറും സീലോയായിരുന്നു.  ആദ്യ വർഷത്തിൽ തന്നെ ഏകദേശം 20000 സീലോകളാണ് ഇന്ത്യൻ നിരത്തിലെത്തിയത്. 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനുള്ള സീലോയ്ക്ക് 80 ബിഎച്ച്പി കരുത്തും 128 എൻഎം ടോർക്കുമുണ്ടായിരുന്നു. പ്രീമിയം സെഗ്മെന്റിലെ മികച്ച കാറായിരുന്നെങ്കിലും മൈലേജാണ് സീലോയുടെ വില്ലനായി എത്തിയത്. സീലോയുടെ കരുത്തുകൂടിയ വകഭേദമായ നെക്‌സിയ അവതരിപ്പിച്ചെങ്കിലും മൈലേജ് നെക്‌സിയുടേയും വില്ലനായി എത്തി. 

astra-main

ഓപ്പൽ ആസ്ട്ര

ജർമ്മൻ നിർമ്മാണ നിലവാരവും, മികച്ച ഇന്റീരിയറും, ലക്ഷ്വറി സൗകര്യങ്ങളുമായി ഇന്ത്യയിലെത്തിയ കാറാണ് ഓപ്പൽ ആസ്ട്ര. ഹോണ്ട സിറ്റിയും, മിസ്തുബുഷി ലാൻസറും കളം നിറഞ്ഞ കാലത്തെത്തിയ ആസ്ട്രയ്ക്ക് അതുകൊണ്ട് തന്നെ അടിപതറി. പെട്രോൾ ഡീസൽ വകഭേദങ്ങൾ കാറിനുണ്ടായിരുന്നു. സൺറൂഫും മറ്റ് കാറുകളെ കടത്തി വെട്ടുന്ന സൗകര്യങ്ങളും ആസ്ട്രയിലൂണ്ടായിരുന്നെങ്കിലും വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പിൻവാങ്ങാനായിരുന്ന കാറിന്റെ വിധി. 

escort

ഫോർഡ് എസ്‌കോർട്ട്

ഇന്ത്യൻ വിപണിയുടെ വാതിൽ വിദേശ വാഹന നിർമ്മാതാക്കൾക്കായി തുറന്നുകൊടുത്ത തൊണ്ണൂറുകളിൽ അരങ്ങേറ്റം കുറിച്ച മറ്റൊരു വാഹനമാണ് ഫോർഡ് എസ്‌കോർട്ട്. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡിന്റേയും മഹീന്ദ്ര ആന്റ് മഹീന്ദ്രയുടേയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ വാഹനം. സി സെഗ്മെന്റ് സെഡാനാണെങ്കിലും കരുത്തില്ലാത്ത എഞ്ചിനായിരുന്നു എസ്‌കോർട്ടിന് എന്നതായിരുന്നു ഉപഭോക്താക്കളുടെ പ്രധാന പരാതി. കൂടാതെ കൂടിയ പരിപാലന ചിലവും ഇന്ത്യൻ നിർമ്മിത എസ്‌കോർട്ടുകളുടെ അവസാനിക്കാത്ത കുഴപ്പങ്ങളുമായപ്പോൾ 1995 ൽ തുടങ്ങിയ വിൽപ്പന 2001 ൽ കമ്പനിക്ക് അവസാനിപ്പിക്കേണ്ടി വന്നു. 

Fiat Uno

ഫിയറ്റ് യുനോ

ഫിയറ്റ് ഇന്ത്യയിൽ ഒറ്റയ്ക്ക് വിപണനം തുടങ്ങിയ 1997 ൽ പുറത്തിറങ്ങിയ വാഹനമാണ് യുനോ. ഫിയറ്റിന്റെ ലേബലിലാണ് വാഹനം പുറത്തിറങ്ങിയതെങ്കിലും പ്രീമിയറിന്റെ ഷോറൂമുകൾ തന്നെയാണ് വാഹനം വിറ്റത്. പിടിപ്പുകേടുകൊണ്ട് വിജയിക്കാതെ പോയ വാഹനമാണ് യുനോ. അക്കാലത്ത് പുറത്തിറങ്ങിയ ഹാച്ച്ബാക്കുകളിൽ ഏറ്റവും മികച്ചതും, മികച്ച നിർമ്മാണ നിലവാരമുള്ളതുമായിരുന്നു യുനോ. 1.2 ലിറ്റർ പെട്രോൾ, 1.7 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് വാഹനത്തിലുണ്ടായിരുന്നത്. 

Peugeot 309

പ്യൂഷോ 309

പ്രീമിയറിന്റെ തന്നെ കൈയിലിരിപ്പുകൊണ്ട് വിപണിയിൽ നിലം തൊടാതെ പോയ മറ്റൊരു വാഹനമാണ് പ്യൂഷോ 309. ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ പ്യൂഷോയുടെ മികച്ച സെഡാനായ 309 ഇന്ത്യയിലെത്തുന്നത് പ്രിമിയർ മോട്ടോഴ്‌സുമായുള്ള സഹകരണത്തോടെയാണ്. പ്രീമിയറിന്റെ കമ്പനിയിലെ തൊഴിലാളി സമരമൂലം പ്രീമിയർ മോട്ടോഴ്‌സുമായുള്ള സഹകരണം അവസാനിപ്പിച്ച് പ്യൂഷോ രാജ്യം വിടുകയായിരുന്നു. പ്യൂഷോ 309 ന്റെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ചാണ് സെന്നിന്റേയും എസ്റ്റീമിന്റേയും ഡീസൽ പതിപ്പ് വിപണയിലിറങ്ങിയത്.  

Tata Estate

ടാറ്റ എസ്റ്റേറ്റ്

ടാറ്റയുടെ ആദ്യകാല വാഹനങ്ങളിലൊന്നാണ് ടാറ്റ എസ്റ്റേറ്റ്. സ്റ്റേഷൻ വാഗൺ സെഗ്മെന്റിലെത്തിയ കാറിൽ അക്കാലത്ത കാറുകളിൽ കാണാത്ത പല ടെക്‌നോളജികളുമുണ്ടായിരുന്നു. 1.9 ലിറ്റർ അഞ്ച് സ്പീഡ് ഡീസൽ എഞ്ചിനുമായി എത്തിയ എസ്റ്റേറ്റിന് 68 ബിഎച്ച്പിയായിരുന്നു കരുത്ത്. ടാറ്റയുടെ കൊമേഴ്‌സ്യൽ വാഹനമായ 207 പിക്കപ്പിന്റെ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച കാർ അക്കാലത്തെ ലക്ഷ്വറി വാഹനമായിരുന്നു. ഏകദേശം പത്തുകോടി രൂപയായിരുന്ന ടാറ്റ, എസ്റ്റേറ്റ് എന്ന സ്റ്റേഷൻ വാഗൺ നിർമ്മിക്കാൻ ചിലവിട്ടത്. എന്നാൽ 1992 ൽ തുടങ്ങിയ എസ്‌റ്റേറ്റിന്റെ നിർമ്മാണം 2000ത്തിൽ ടാറ്റ അവസാനിപ്പിച്ചു. 

tata-sierra

ടാറ്റ സിയേറ

പൂർണ്ണമായും ഇന്ത്യയിൽ ഡിസൈൻ ചെ്ത് നിർമ്മിച്ച ആദ്യ വാഹനം എന്ന അവകാശവാദത്തിൽ 1991 ൽ പുറത്തിറങ്ങിയ എസ് യു വിയാണ് ടാറ്റ സിയേറ. അക്കാലത്തെ യുവാക്കളുടെ ഇഷ്ടവാഹനമാണെങ്കിലും പിൻനിര സീറ്റുകളിലേയ്ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് സിയേറയെ ഫാമിലികളിൽ നിന്നകറ്റി. തുടക്കത്തിൽ 2 ലിറ്റർ എഞ്ചിന്റെ കരുത്ത് 68 ബിഎച്ച്പി ആയിരുന്നെങ്കിലും ടർബോ ചാർജറിന്റെ വരവോടുകൂടി എഞ്ചിന്റെ കരുത്ത് 89 ബിഎച്ച്പി ആയിട്ടുയർന്നു. 1991 പുറത്തിറങ്ങിയ സിയാറയുടെ നിർമ്മാണ് 1998 ൽ ടാറ്റ അവസാനിപ്പിച്ചു. 

Premier 118 NE

പ്രീമിയർ 118 എൻഇ

ഫിയറ്റിന്റെ 124 യെ ആധാരമാക്കി പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റർ ഇന്ത്യയിൽ പുറത്തിറക്കിയ വാഹനമാണ് പ്രീമിയർ 118 എൻഇ. പ്രീമിയർ പത്മിനിയുടെ ലക്ഷ്വറി വകഭേദം എന്ന ലേബലിൽ പുറത്തിറങ്ങിയ വാഹനത്തിന് 1.2 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു. എന്നാൽ പ്രീമിയർ പത്മിനിയുടെ വിജയം ആവർത്തിക്കാൻ 118 എൻഇയ്ക്കായില്ല. 

Daewoo Matiz

ദേവു മാറ്റിസ്

ഹ്യൂണ്ടായ് സാൻട്രോ, മാരുതി 800 എന്നിവയുടെ എതിരാളിയായി 1998 ൽ ദേവു പുറത്തിറക്കിയ വാഹനമാണ് മാറ്റിസ്. പുറത്തിറങ്ങി കുറച്ചുനാൾക്കൊണ്ട് തന്നെ മാറ്റിസ് ഹിറ്റായെങ്കിലും ദേവുവിന് ആ വിജയം മുന്നോട്ടുകൊണ്ടുപോകാൻ ആയില്ല. 796 സിസി എഞ്ചിനുണ്ടായിരുന്ന ഈ കൊച്ചു സുന്ദരി ദേവു പൂട്ടിയതോടെ പെട്ടിയിലായി. ജനറൽ മോട്ടോഴ്‌സ് എറ്റെടുത്തതിന് ശേഷം ഷെവർലെ സ്പാർക്കായി ഇന്ത്യയിലെത്തിയത് മാറ്റിസിന്റെ രണ്ടാം തലമുറയായിരുന്നു. 

Mahindra Voyager

മഹീന്ദ്ര വോയേജർ

മിസ്തുബുഷിയുമായുള്ള സഹകരണത്തിൽ മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ മഹീന്ദ്ര വോയേജർ. പുതിയൊരു സെഗ്മെന്റ് സൃഷ്ടിച്ച് അതിൽ വിജയഗാഥ രചിക്കാം എന്ന പ്രതീക്ഷയോടെ മഹീന്ദ്ര പുറത്തിറക്കിയ വാഹനം വൻ പരാജയമായിരുന്നു. മിസ്തുബുഷി എൽ300 ഡെലീസ മിനിവാനിനെ ആധാരമാക്കി നിർമ്മിച്ച വോയേജറിൽ 2.1 ലിറ്റർ ടർബോ ഡീസൽ എഞ്ചിനായിരുന്നു ഉപയോഗിച്ചിരുന്നത്. ലക്ഷ്വറി ഫാമിലി വാൻ എന്ന പേരിലെത്തിയ വോയജറിന്റെ ബോക്‌സി രൂപവും കൂടിയ വിലയുമാണ് വാഹനത്തെ അകാലചരമം പ്രാപിപ്പിച്ചത്.