Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിൽ 16 ലക്ഷം ‘വാഗൻ ആർ’ തിരിച്ചുവിളിക്കുന്നു

wagonr-stingray-japn 2008 Suzuki Stingray Wagon R Japan

എയർ കണ്ടീഷനിങ് യൂണിറ്റിലെ തകരാർ മൂലം എൻജിൻ പ്രവർത്തന രഹിതമാവാനുള്ള സാധ്യത മുൻനിർത്തി ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ 16 ലക്ഷത്തിലേറെ കാറുകൾ തിരിച്ചുവിളിക്കുന്നു. എയർ കണ്ടീഷനർ കംപ്രസറുകളുടെ ലൂബ്രിക്കേഷന് ആവശ്യമായ ഓയിൽ ലഭിക്കാതെ യൂണിറ്റ് പ്രവർത്തനം മുടങ്ങാനുള്ള സാധ്യത മുൻനിർത്തി 16,16,125 മിനി വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു സുസുക്കിയുടെ തീരുമാനം. ലൂബ്രിക്കന്റ് ലഭിക്കാതെ എ സി പ്രവർത്തനം നിർത്തുന്നതോടെ കാറുകളുടെ വേഗം കുറയുമ്പോൾ എൻജിനും നിന്നു പോകാൻ സാധ്യതയുണ്ടെന്നാണു സുസുക്കിയുടെ കണ്ടെത്തൽ. ഈ സാഹചര്യം അപകടത്തിലേക്കു നയിക്കുമെന്നും സുസുക്കി കരുതുന്നു.

ജപ്പാനിൽ ഏറെ ജനപ്രിയമായ ‘ടോൾ ബോയ്’ മോഡലായ ‘വാഗൻ ആർ’ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു സുസുക്കി ഒരുങ്ങുന്നതെന്നു ലാൻഡ്, ഇൻഫ്രാസ്ട്രക്ചർ, ട്രാൻസ്പോർട് ആൻഡ് ടൂറിസം മന്ത്രാലയം വെളിപ്പെടുത്തി. 2008 ജനുവരി മുതൽ 2015 മേയ് വരെയുള്ള കാലത്തു നിർമിച്ചു വിറ്റ കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക. ലൂബ്രിക്കന്റ് ലഭിക്കാതെ എ സി മുടങ്ങുകയും തുടർന്ന് എൻജിൻ പ്രവർത്തനരഹിതമാവുകയും ചെയ്ത ഇരുനൂറ്റി നാൽപതിലേറെ സംഭവങ്ങൾ 2011 ഡിസംബർ മുതൽ ഇതുവരെയുള്ള കാലത്തിനിടെ ശ്രദ്ധയിൽ പെട്ടതായി സുസുക്കി അംഗീകരിച്ചു. എന്നാൽ ഇതിന്റെ ഫലമായി അപകടം സംഭവിച്ചതായോ ആർക്കെങ്കിലും പരുക്കേറ്റതായോ അറിവില്ലെന്നാണു കമ്പനിയുടെ നിലപാട്.