Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർമുല വൺ: 2017ൽ ജർമൻ ഗ്രാൻപ്രി പുറത്ത്

Formula-one- Representative Image

അടുത്ത സീസണിലെ ഫോർമുല വൺ ലോക ചാംപ്യൻഷിപ് കലണ്ടറിൽ നിന്ന് ജർമൻ ഗ്രാൻപ്രിയെ ഔദ്യോഗികമായി ഒഴിവാക്കി. 24 മണിക്കൂർ നീളുന്ന ലെ മാൻസ് സ്പോർട്സ് കാർ മത്സരവുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ അസർബൈജാൻ ഗ്രാൻപ്രി എന്നു പേരു മാറ്റിയ മത്സരമാവും ഇനി ജർമൻ ഗ്രാൻപ്രി നാളിൽ അരങ്ങേറുക. തുടർച്ചയായ ഗ്രാൻപ്രികൾ നഷ്ടത്തിൽ കലാശിച്ചതോടെ മത്സരത്തിന് ആതിഥ്യമരുളാൻ ഹോക്കൻഹൈം സർക്യൂട്ട് ഉടമകൾ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ തന്നെ ജർമൻ ഗ്രാൻപ്രിയുടെ നിലനിൽപ് അപകടത്തിലായിരുന്നു.

സാധാരണ ഗതിയിൽ നർബർഗ്റിങ്, ഹോക്കൻഹൈം സർക്യൂട്ടുകൾ മാറി മാറിയാണ് ഒന്നിടവിട്ട വർഷങ്ങളിൽ ജർമൻ ഗ്രാൻപ്രിക്ക് ആതിഥ്യമരുളാറുള്ളത്. എന്നാൽ 2017 ജൂലൈയിൽ നടക്കേണ്ട മത്സരത്തിനു വേദിയാവേണ്ട നർബർഗ്റിങ് കഴിഞ്ഞ സീസണിൽ തന്നെ ഹോസ്റ്റിങ് ഫീസും മറ്റും അടയ്ക്കാൻ വിസമ്മതിച്ചിരുന്നു; ഇതോടെ 2015ലും ജർമൻ ഗ്രാൻപ്രി മുടങ്ങുകയും ചെയ്തു.
ഫോർമുല വണ്ണിലെ നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ ജർമൻ ടീമായ മെഴ്സീഡിസ് സമഗ്രാധിപത്യം പുലർത്തുകയും ടീമിലെ ജർമൻ ഡ്രൈവർ നികൊ റോസ്ബർഗ് ലോക ചാംപ്യനാവുകയും ചെയ്തതിനു പിന്നാലെയാണ് അവരുടെ ജന്മനാട്ടിലെ ഗ്രാൻപ്രി കലണ്ടറിനു പുറത്താവുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, കരട് കലണ്ടറിൽ അനിശ്ചിതത്വം അഭിമുഖീകരിച്ചിരുന്ന ബ്രസീലിയൻ, കനേഡിയൻ ഗ്രാൻപ്രികൾ അന്തിമ പട്ടികയിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. 2017 സീസണിലേക്ക് 20 മത്സരങ്ങളുള്ള കലണ്ടറിനാണ് സംഘാടകരായ രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷൻ(എഫ് ഐ എ) അംഗീകാരം നൽകിയത്.

ഒക്ടോബറിൽ ടെക്സസിലെ ഓസ്റ്റിൻ സർക്യൂട്ട് ആതിഥ്യമരുളുന്ന യു എസ് ഗ്രാൻപ്രിയുടെ ജോഡിയായാണ് മെക്സിക്കൻ ഗ്രാൻപ്രി അരങ്ങേറുക. സാധാരണ ബ്രസീലിയൻ ഗ്രാൻപ്രിക്കു കൂട്ടായിട്ടായിരുന്നു മെക്സിക്കോയിലെ മത്സരം. ഫോർമുല വൺ ഗ്രിഡിൽ നാലു ഡ്രൈവർമാരുടെ സാന്നിധ്യമുള്ള ഏക രാജ്യമാണു ജർമനി: മെഴ്സീഡിസിനായി റോസ്ബർഗും ഫെറാരിക്കായി വെറ്റലും ഫോഴ്സ് ഇന്ത്യയ്ക്കായി നികൊ ഹൾകൻബർഗും മാനറിനായി പാസ്കർ വെർലീനുമാണു ട്രാക്കിലിറങ്ങുന്നത്. ഏഴു തവണ ലോക ചാംപ്യനായ മൈക്കൽ ഷൂമാക്കറുടെ പ്രതാപകാലത്ത് സീസണിൽ രണ്ടു ഗ്രാൻപ്രിക്കാണു ജർമനി ആഥിഥ്യമരുളിയിരുന്നത്; അന്ന് നർബർഗ്റിങ്ങിലെ മത്സരത്തിനു പേര് യൂറോപ്യൻ ഗ്രാൻപ്രി എന്നായിരുന്നു.  

Your Rating: