Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണി വിഹിത വർധന മാരുതിക്കും ടാറ്റയ്ക്കും റെനോയ്ക്കും

Buying a new car Representative image

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസക്കാലത്തിനിടെ വിപണി വിഹിതം വർധിപ്പിക്കാനായത് മൂന്നു കാർ നിർമാതാക്കൾക്കു മാത്രം. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെയും ടാറ്റ മോട്ടോഴ്സിന്റെയും റെനോ ഇന്ത്യയുടെയും വിപണി വിഹിതത്തിലാണു കഴിഞ്ഞ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലത്തിനിടെ വർധന രേഖപ്പെടുത്തിയത്. അതേസമയം ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹോണ്ട കാഴ്സ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ തുടങ്ങിയവർക്കെല്ലാം ഇക്കാലത്തിനിടെ വിപണി വിഹിതത്തിൽ ഇടിവാണു നേരിട്ടത്. രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്കനുസരിച്ച് 2016 ഏപ്രിൽ — 2017 ഫെബ്രുവരി കാലത്തെ യാത്രാവാഹന വിൽപ്പനയിൽ മുൻ സാമ്പത്തിക വർഷം ഇതേ കാലത്തെ അപേക്ഷിച്ച് 9.16% വളർച്ചയുണ്ട്. 2015 ഏപ്രിൽ — 2016 ഫെബ്രുവരി കാലത്ത് 25,32,288 യൂണിറ്റ് വിറ്റത് കഴിഞ്ഞ 11 മാസത്തിനിടെ 27,64,206 എണ്ണമായാണ് ഉയർന്നത്. 

വിപണിയിൽ നേതൃസ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വിഹിതം 47.6 ശതമാനത്തിലെത്തി; 13,15,946 കാറുകളാണു കമ്പനി കഴിഞ്ഞ 11 മാസത്തിനിടെ വിറ്റത്. 2015 ഏപ്രിൽ — 2016 ഫെബ്രുവരി കാലത്ത് 11,86,456 യൂണിറ്റ് വിൽപ്പനയോടെ മാരുതി സുസുക്കിയുടെ വിപണി വിഹിതം 46.85% ആയിരുന്നു.  അവലോകന കാലയളവിൽ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ വിപണി വിഹിതം 16.82% ആയി; 4,64,948 കാറുകളാണു കമ്പനി കഴിഞ്ഞ 11 മാസക്കാലത്ത് വിറ്റത്. 2015 — 16ൽ ഇതേ കാലത്ത് 4,43,123 യൂണിറ്റ് വിറ്റ ഹ്യുണ്ടേയിക്ക് 17.49% വിപണി വിഹിതവും സ്വന്തമായിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലത്തിനിടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റത് 2,10,776 വാഹനങ്ങളാണ്; വിപണി വിഹിതം 7.62%. മുൻ സാമ്പത്തിക വർഷം ഇതേകാലയളവിൽ 8.27% വിപണി വിഹിതമുണ്ടായിരുന്ന കമ്പനിയുടെ വിൽപ്പന 2,09,422 യൂണിറ്റായിരുന്നു.

അതേസമയം വിപണി വിഹിതത്തിൽ നേരിയ വർധന കൈവരിക്കാൻ ടാറ്റ മോട്ടോഴ്സിനു സാധിച്ചെന്നാണു ‘സയാ’മിന്റെ കണക്ക്. 2016 ഏപ്രിൽ — 2017 ഫെബ്രുവരി കാലത്ത് വിൽപ്പന 1,55,411 യൂണിറ്റായി ഉയർന്നതോടെ കമ്പനിയുടെ വിപണി വിഹിതം 5.6% ആയി. മുൻ സാമ്പത്തിക വർഷം ഇതേ കാലത്ത് വിൽപ്പന 1,38,152 യൂണിറ്റും വിപണി വിഹിതം 5.45 ശതമാനവുമായിരുന്നു. ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാഴ്സിന്റെ വിപണി വിഹിതം അവലോകന കാലത്ത് അഞ്ചു ശതമാനത്തിലേക്കു താഴ്ന്നു; 11 മാസക്കാലത്തെ വിൽപ്പനയാവട്ടെ 1,38,363 യൂണിറ്റാണ്. 2015 ഏപ്രിൽ — 2016 ഫെബ്രുവരി കാലത്ത് 1,38,363 യൂണിറ്റ് വിൽപ്പനയോടെ ഹോണ്ടയ്ക്ക് 6.89% വിപണി വിഹിതവും സ്വന്തമായിരുന്നു. 

ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ വിപണി വിഹിതം മുൻ സാമ്പത്തിക വർഷം ഇതേകാലത്തെ 4.77 ശതമാനത്തിൽ നിന്നു കഴിഞ്ഞ 11 മാസത്തിനിടെ 4.68% ആയിട്ടാണു താഴ്ന്നത്. 2015 —16ന്റെ ആദ്യ മാസക്കാലത്ത് 1,20,857 യൂണിറ്റായിരുന്ന വിൽപ്പന പക്ഷേ കഴിഞ്ഞ 11 മാസത്തിനിടെ  1,29,568 എണ്ണമായി ഉയർന്നിട്ടുണ്ട്. ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യയാണ് തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ ചിറകിലേറി പറക്കുന്ന കമ്പനിയുടെ വിപണി വിഹിതം ഇരട്ടിയോളമായാണ് ഉയർന്നത്; 2016 ഏപ്രിൽ — 2017 ഫെബ്രുവരി കാലത്ത് 1,22,935 യൂണിറ്റ് വിൽപ്പനയോടെ കമ്പനിയുടെ വിപണി വിഹിതം 4.44 ശതമാനത്തിലെത്തി.  മുൻസാമ്പത്തിക വർഷം ഇതേകാലത്ത് കമ്പനിയുടെ വിൽപ്പന വെറും 59,308 യൂണിറ്റും വിപണി വിഹിതം 2.34 ശതമാനവുമായിരുന്നു.

Your Rating: