Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോയുടെ 8.97% ഓഹരി വാങ്ങാൻ പ്രമോട്ടർമാർ

Hero Motocorp

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ ഓഹരികൾ കൂടി സ്വന്തമാക്കാൻ പ്രൊമോട്ടർമാരായ ബഹാദൂർ ചന്ദ് ഇൻവെസ്റ്റ്മെന്റ്സിനു പദ്ധതി. മാർച്ച് 24നോ അതിനു ശേഷമോ ഒറ്റത്തവണയായോ ഗഡുക്കളായോ 8.97% ഓഹരി വാങ്ങാനാണു തീരുമാനമെന്നു പ്രായോജകർ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബി എസ് ഇ)നെ അറിയിച്ചു. ഓഹരി വിലയായ 3,180 രൂപ നിലവാരത്തിൽ നിന്ന് 25 ശതമാനത്തിൽ കവിയാത്ത തുകയ്ക്ക് ഇവ സ്വന്തമാക്കാനാണു തീരുമാനമെന്നും ബഹാദൂർ ചന്ദ് ഇൻവെസ്റ്റ്മെന്റ്സ് ബി എസ് ഇയെ അറിയിച്ചു. 

മൊത്തം 1,79,10,000 ഓഹരികൾ വരെ വാങ്ങിയെടുക്കാനാണ് ബഹാദൂർ ചന്ദ് ഇൻവെസ്റ്റ്മെന്റ്സിന്റെ തീരുമാനം; ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ, ഹീറോ ഫിൻകോർപ് മാനേജിങ് ഡയറക്ടർ രേണു മുഞ്ജാൾ, ഹീറോ മോട്ടോ കോർപ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സുമൻ കാന്ത് മുഞ്ജാൾ എന്നിവരിൽ നിന്ന് 59,70,000 ഓഹരികൾ വീതം വാങ്ങാനാണു നീക്കം. പങ്കാളിത്ത സ്ഥാപനമായ ബ്രിജ്മോഹൻലാൽ ഓം പ്രകാശിന്റെ പ്രതിനിധികളെന്ന നിലയിലാണു മൂവരും ഈ ഓഹരികൾ കൈവശം വച്ചിരിക്കുന്നത്.

പ്രമോട്ടർ വിഭാഗം ഓഹരി ഘടന പുനഃസംഘടിപ്പിക്കാനാണ് ഈ കൈമാറ്റമെന്നാണ് ബഹാദൂർ ചന്ദ് ഇൻവെസ്റ്റ്മെന്റ്സിന്റെ  വിശദീകരണം. ഈ ഇടപാടിനു ശേഷവും ഹീറോ മോട്ടോ കോർപിൽ പ്രമോട്ടർമാരുടെ പക്കലുള്ള ഓങരികളഉടെ വിഹിതത്തിൽ വ്യത്യാസമുണ്ടാവില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റ് 11നും ബഹാദൂർ ചന്ദ് ഇൻവെസ്റ്റ്മെന്റ്സ് ഹീറോ മോട്ടോ കോർപിന്റെ 48,80,988 ഓഹരികൾ വാങ്ങിച്ചിരുന്നു. കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.44% ആണിത്.

Your Rating: