Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാഭകാലം വീണ്ടും; സാങ്യങ് വൻ നിക്ഷേപത്തിന്

ssangyong-liv-2-concept Representative Imgae: Ssangyong Liv 2 Concept

കടക്കെണിയുടെ വക്കിൽ നിന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) കൈപിടിച്ചു കരകയറ്റിയ ദക്ഷിണ കൊറിയൻ എസ് യു വി നിർമാതാക്കളായ സാങ്യങ് മോട്ടോഴ്സ് വൻവികസനത്തിന് തയാറെടുക്കുന്നു. മാതൃസ്ഥാനപമായ മഹീന്ദ്രയുടെ സാമ്പത്തിക സഹായമില്ലാതെ 100 കോടി ഡോളർ( 6,546 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന വികസന പദ്ധതികൾ നടപ്പാക്കാനാണു സാങ്യങ്ങിന്റെ നീക്കം.

അടുത്ത മൂന്നു മുതൽ അഞ്ചു വരെ വർഷത്തിനകം ചൈനയിലും റഷ്യയിലും ബ്രസീലിലും പുതിയ ശാലകളും പുത്തൻ മോഡലുകളും യാഥാർഥ്യമാക്കാനാണ് ദക്ഷിണ കൊറിയയിലെ പിയോങ്ടെക് ആസ്ഥാനമായ സാങ്യങ് മോട്ടോഴ്സിന്റെ പദ്ധതി. ആഭ്യന്തര വിഭവ സമാഹരണവും വായ്പകളും വഴിയാവും സാങ്യങ് വികസനത്തിനുള്ള പണം കണ്ടെത്തുക.  2019 ആകുമ്പോഴേക്ക് വാർഷിക വിൽപ്പന രണ്ടര ലക്ഷം യൂണിറ്റിലെത്തിക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ; ഒപ്പം നാലു മുതൽ അഞ്ചു ശതമാനവും വരെ പ്രവർത്തനലാഭവും കമ്പനി സ്വപ്നം കാണുന്നു. കഴിഞ്ഞ ഒൻപതു വർഷത്തിനിടെ ഇതാദ്യമായി കമ്പനിയുടെ പ്രവർത്തനം ഇപ്പോൾ ലാഭത്തിലെത്തിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു പാപ്പരാവുന്നതിന്റെ വക്കിലായിരുന്ന കമ്പനിയെ 2011ലാണു മഹീന്ദ്ര ഏറ്റെടുത്തത്.

കഴിഞ്ഞ വർഷം റെക്കോഡ് വിൽപ്പനയാണു സാങ്യങ് രേഖപ്പെടുത്തിയത്: 1.55 ലക്ഷം യൂണിറ്റ്. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. മഹീന്ദ്ര ഏറ്റെടുത്ത ശേഷം ഇതു രണ്ടാം തവണയാണു കമ്പനിയുടെ വാർഷിക വിൽപ്പന ഒന്നര ലക്ഷം യൂണിറ്റിനു മുകളിലെത്തുന്നത്.  ദക്ഷിണ കൊറിയയിൽ മാത്രം 2.50 ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനമാണ് 2019ൽ കമ്പനി ലക്ഷ്യമിടുന്നതെന്നു സാങ്യങ് മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ചോയ് ജോങ് സിക് അറിയിച്ചു. ഒപ്പം ചൈന, റഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നായി ഒന്നര ലക്ഷം യൂണിറ്റിന്റെ കൂടി ഉൽപ്പാദനവും കമ്പനി പ്രതീക്ഷിക്കുന്നു. 

വിദേശ നിർമിത വാഹനങ്ങൾക്ക് കനത്ത ഇറക്കുമതി ചുങ്കം ബാധകമായതിനാൽ പ്രാദേശിക നിർമാണമല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാലാണു വിവിധ വിദേശ വിപണികളിൽ സ്വന്തം ഫാക്ടറി സ്ഥാപിക്കാൻ സാങ്യങ് തയാറെടുക്കുന്നത്.