Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഭ്യന്തര ക്രൂഡ് ഓയിൽ ഉൽപ്പാദനം ഉയർത്താൻ ശ്രമം

crude-oil Representative Image

അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുമെന്നു കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാന. നടപ്പു സാമ്പത്തിക വർഷത്തെ എണ്ണ, വാതക ഉപയോഗത്തിന്റെ 82 ശമതാനവും രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നെന്നാണു കണക്ക്. 2021 — 22 ആകുമ്പോഴേക്ക് ഇറക്കുമതിയിൽ 10% കുറവ് കൈവരിക്കാനാണു ശ്രമമെന്ന്  മന്ത്രി വിശദീകരിച്ചു.

ഊർജ രംഗത്തെ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും പര്യവേക്ഷണവും ഉൽപ്പാദനവും വർധിപ്പിക്കാൻ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി ലോകസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകി. കഴിഞ്ഞ ജനുവരി വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം ക്രൂഡ് ഓയിൽ ഉപയോഗത്തിന്റെ 82 ശതമാനവും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷമാവട്ടെ മൊത്തം ആഭ്യന്തര ഉപയോഗത്തിന്റെ 80.9 ശതമാനമായിരുന്നു ഇറക്കുമതി. 

മാത്രമല്ല, കഴിഞ്ഞ മൂന്നു വർഷമായി ക്രൂഡ് ഓയിൽ ഇറക്കുമതി ക്രമമായി വർധിച്ചു വരികയുമാണ്. 2013 — 14ൽ മൊത്തം ഉപയോഗത്തിന്റെ 77.6 ശതമാനമായിരുന്ന ഇറക്കുമതി 2014 — 15ൽ 78.5% ആയി ഉയർന്നിരുന്നു. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഉൽപ്പാദനത്തിൽ സിംഹഭാഗവും സംഭാവന ചെയ്യുന്നത് ആന്ധ്ര പ്രദേശ്, അസം, അരുണാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട് സംസ്ഥാനങ്ങളിലെ കാലപ്പഴക്കമേറിയ എണ്ണപ്പാടങ്ങളിൽ നിന്നും ഓഫ് ഷോർ ഫീൽഡുകളിൽ നിന്നുമാണ്.  ഗുജറാത്തിലെയും അസമിലെയും എണ്ണക്കിണറുകൾ പലതും പ്രവർത്തനം നിർത്തിയിട്ടുമുണ്ട്. അതിനിടെ പഴക്കമേറിയ കിണറുകളിൽ നിന്നുള്ള എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ കമ്പനികൾ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.