Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

57,500 കിലോമീറ്റർ സംസ്ഥാനപാത ദേശീയപാതയാക്കുന്നു

natioanl-highway Representative Image

രാജ്യത്തെ 57,500 കിലോമീറ്റർ സംസ്ഥാന പാതകളെ ദേശീയ പാത നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ തത്വത്തിൽ തീരുമാനിച്ചു. ഇന്ത്യയിൽ ഇപ്പോൾ 1.13 ലക്ഷം കിലോമീറ്റർ ദേശീയപാതയാണുള്ളത്. വിശദ പദ്ധതി റിപ്പോർട്ടിന്റെ വിലയിരുത്തൽ അടിസ്ഥാനമാക്കി 57,500 കിലോമീറ്റർ സംസ്ഥാന പാതകളുടെ ദേശീയപാത നിലവാരത്തിലേക്കുള്ള വികസനം ഏറ്റെടുക്കാനാണു  സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി  പൊൻ രാധാകൃഷ്ണൻ ലോക്സഭയിൽ മറുപടി നൽകി.

സുരക്ഷ മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് അഴിക്കാനും റോഡ് ശൃംഖല മെച്ചപ്പെടുത്താനുമൊക്കെ ലക്ഷ്യമിട്ടാണു സർക്കാർ ദേശീയപാത നിലവാരമുള്ള കൂടുതൽ റോഡുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ രാജ്യത്ത് ആകെ 1,13,289 കിലോമീറ്റർ ദേശീയപാതകളാണുള്ളതെന്നും മന്ത്രി അറിയിച്ചു. കൂടാതെ രാജ്യത്തെ ദേശീയപാതകൾ നാലുവരിയാക്കാനുള്ള നടപടികളും പുരോഗതിയിലാണ്. നാലുവരിയാക്കേണ്ട ദേശീയപാതകൾ നിർണയിക്കാനുള്ള ഗതാഗത നിലവാരം സമതലങ്ങളിൽ 15,000 പാസഞ്ചർ കാർ യൂണിറ്റ്(പി സി യു) ആയിരുന്നത് 11,000 പി സി യുവാക്കി കുറച്ചു.

അതുപോലെ കയറ്റിറക്കമുള്ള ഭാഗങ്ങളിൽ 11,000 പി സി യുവിനു പകരം 8,500 പി സി യുവുള്ളതും പർവത പ്രദേശങ്ങളിൽ 8,000 പി സി യുവിനു പകരം 6,000 പി സി യുവുള്ളതുമായ ദേശീയപാതകൾ നാലുവരിപ്പാതകളാക്കി വികസിപ്പിക്കും. ഇത്രയും ഗതാഗതത്തിരക്കുള്ള ദേശീപാതകളെല്ലാം നാലുവരിയാക്കാനുള്ള ചുമതല ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ)ക്കു കൈമാറുമെന്നു പൊൻ രാധാകൃഷ്ണൻ വെളിപ്പടുത്തി. ബജറ്റ് വിഹിതം പരിമിതമായതിനാൽ ദേശീയപാത വികസനത്തിനു പൊതുവിപണിയിൽ നിന്നു പണം കടമെടുക്കാനും തീരുമാനായതായി മന്ത്രി അറിയിച്ചു. 

Your Rating: