Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെയ്ഡ് ഇൻ ഇന്ത്യ, 2016ൽ 31,535 കാറുകൾ ബ്രിട്ടനിലെത്തി

jlr

ബ്രിട്ടനിൽ 2016ൽ റജിസ്റ്റർ ചെയ്തത് 31,535 ഇന്ത്യൻ നിർമിത കാറുകൾ. 2015ൽ യു കെയിൽ റജിസ്റ്റർ ചെയ്ത ഇന്ത്യൻ നിർമിത കാറുകളെ അപേക്ഷിച്ച് 12.6% അധികമാണിത്. കഴിഞ്ഞ ഏഴു വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് നിർമിത കാറുകളുടെ ഇറക്കുമതിയിലാവട്ടെ ഏഴിരട്ടിയോളം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറിന്റെ ഉടമസ്ഥാവകാശം ടാറ്റ മോട്ടോഴ്സിനു കൈവന്നതോടെയാണിത്. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സിന്റെ കണക്കനുസരിച്ച് 2016ൽ 3,372 ബ്രിട്ടീഷ് നിർമിത കാറുകളാണു വിറ്റത്; 2009ൽ വെറും 309 കാറുകൾ വിറ്റ സ്ഥാനത്താണിത്. 2015ലെ വിൽപ്പനയെ അപേക്ഷിച്ചും 15.8% വർധനയുണ്ട്. ഇതോടെ യു കെയിൽ നിന്ന് ഏഷ്യൻ വിപണികളിലേക്കുള്ള കാർ കയറ്റുമതിയിൽ ഇന്ത്യ 10—ാം സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തേക്കു മുന്നേറിയിട്ടുമുണ്ട്.

കാറുകൾക്കു പുറമെ ബ്രിട്ടീഷ് നിർമിത വാഹനഘടക ഇറക്കുമതിയിലും ഗണ്യമായ വർധനയുണട്്. കഴിഞ്ഞ വർഷം 1.4 കോടി പൗണ്ട്(ഏകദേശം 114.14 കോടി രൂപ) മൂല്യമുള്ള യന്ത്രഘടകങ്ങളാണു യു കെ ഇന്ത്യയിലേക്കു കയറ്റിഅയച്ചത്. അടുത്ത അഞ്ചു വർഷത്തിനിടെ പ്രതിവർഷം 15 ശതമാനത്തോളം വളർച്ചയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. ബ്രിട്ടനിൽ നിന്നുള്ള കാർ കയറ്റുമതിയിൽ യൂറോപ്പിനും അമേരിക്കയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഏഷ്യ; യു കെയിൽ നിന്നുള്ള മൊത്തം കാർ കയറ്റുമതിയിൽ 13.4 ശതമാനമാണ് ഏഷ്യയിലെത്തുന്നത്. സാമ്പത്തിക വളർച്ച മെച്ചപ്പെട്ടതോടെ 10 പുതിയ കാർ മോഡലുകളുടെ ഉൽപ്പാദനമാണു കഴിഞ്ഞ വർഷം യു കെയിൽ ആരംഭിച്ചത്; ഇവയിൽ ഒൻപതും പ്രീമിയം ബ്രാൻഡുകളായിരുന്നു. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലെ പ്രീമിയം കാർ ഉൽപ്പാദനത്തിൽ യു കെ രണ്ടാം സ്ഥാനത്തെത്തി; ജർമനിയാണ് ഒന്നാം സ്ഥാനത്ത്. 

കഴിഞ്ഞ വർഷത്തെ കാർ കയറ്റുമതിയിൽ 10.3% വളർച്ചയാണു ബ്രിട്ടൻ നേടിയത്; 13,54,216 കാർ കയറ്റുമതി ചെയ്തു തുടർച്ചയായ രണ്ടാം വർഷവും ബ്രിട്ടൻ പുതിയ റെക്കോഡും സൃഷ്ടിച്ചു. ബ്രിട്ടനിൽ നിർമിക്കുന്ന കാറുകളിൽ 80 ശതമനത്തോളം 160 വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കപ്പെടുകയാണ്.കൂടാതെ 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കാർ ഉൽപ്പാദനത്തിനും 2016 സാക്ഷിയായി; 2015നെ അപേക്ഷിച്ച് 8.5% വർധനയോടെ 17,22,698 കാറുകളാണു രാജ്യത്തു നിർമിച്ചത്. 1999നു ശേഷമുള്ള ഏറ്റവും ഉയർന്ന ഉൽപ്പാദനമാണിത്.

Your Rating: