Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ കാർ വില വർധിപ്പിക്കുമെന്നു വോൾവോയും

volvo-logo

ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയും ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ കാർ വിലയിൽ രണ്ടു മുതൽ രണ്ടര ശതമാനം വരെ വർധന നടപ്പാവുമെന്ന് വോൾവോ ഓട്ടോ ഇന്ത്യ വ്യക്തമാക്കി. ഉൽപ്പാദന ചെലവ് ഉയർന്നതു മൂലം പ്രഖ്യാപിച്ച വില വർധന ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകൾക്കും ബാധകമാണെന്നും വോൾവോ ഓട്ടോ വിശദീകരിച്ചു. മികച്ച സുരക്ഷാ സംവിധാനങ്ങളും ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയുള്ള കാറുകൾ തികച്ചും മത്സരക്ഷമമായ വിലകളിൽ ഇന്ത്യൻ ഉപയോക്താക്കളി ലെത്തിക്കാനാണു ശ്രമിക്കുന്നതെന്നും വോൾവോ ഓട്ടോ ഇന്ത്യ അവകാശപ്പെട്ടു. 

ഹാച്ച്ബാക്കായ ‘വി 40’ മുതൽ പ്ലഗ് ഇൻ എസ് യു വിയായ ‘എക്സ് സി 90’ വരെ നീളുന്നതാണു വോൾവോയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി; 25.49 ലക്ഷം രൂപ മുതൽ 1.25 കോടി രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. ‘എസ് 60’, ‘എസ് 60 ക്രോസ് കൺട്രി’, ‘വി 40 ക്രോസ് കൺട്രി’, ‘എക്സ് സി 60’, ‘എക്സ് സി 90’, ‘എസ് 90’ തുടങ്ങിയവയും വോൾവോ ഇന്ത്യയിൽ വിൽക്കുന്നുണ്ട്, ഏപ്രിൽ ഒന്നു മുതൽ കാർ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡും നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിവിധ മോഡലുകൾക്ക് പരമാവധി 10,000 രൂപ വരെയാണു കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന വില വർധന. എന്നാൽ അടുത്തയിടെ അരങ്ങേറ്റം കുറിച്ച കോംപാക്ട് എസ് യു വിയായ ‘ഡബ്ല്യു ആർ — വി’യെ കമ്പനി വിലവർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടത്തു കൂലിയിലും ഉൽപ്പാദനചെലവിലും നേരിട്ട വർധനയാണു കാർ വില വർധിപ്പിക്കൽ അനിവാര്യമാക്കിയതെന്നാണു ഹോണ്ട കാഴ്സിന്റെ വിശദീകരണം. 

ഹാച്ച്ബാക്കായ ‘ബ്രിയൊ’, പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’, എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’, ഇടത്തരം സെഡാനായ ‘സിറ്റി’, എസ് യു വികളായ ‘ബി ആർ — വി’, ‘സി ആർ വി’, ‘ഡബ്ല്യു ആർ — വി’, എക്സിക്യൂട്ടീവ് സെഡാനായ ‘അക്കോഡ് ഹൈബ്രിഡ്’ എന്നിവ ഉൾപ്പെടുന്നതാണു ഹോണ്ടയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി.  ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ്പാണ് പുത്തൻ സാമ്പത്തിക വർഷം മുതൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്.  ഏപ്രിൽ ഒന്നു മുതൽ ‘ബി എം ഡബ്ല്യു’, ‘മിനി’ ശ്രേണിയുടെ വിലയിൽ രണ്ടു ശതമാനം വരെ ഉയർത്തുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.