Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡ് വാഹനങ്ങളുടെ വില കൂടും

ecosport-signature-edition Ford Ecosport

യു എസിൽ നിന്നുള്ള നിർമാതാക്കളായ ഫോഡ് ഇന്ത്യയും പുതിയ സാമ്പത്തിക വർഷത്തിൽ വില വർധന പ്രഖ്യാപിച്ചു. ഉൽപ്പാദന ചെലവിലെ വർധന മുൻനിർത്തി രണ്ടു ശതമാനത്തോളമാണു വില ഉയരുകയെന്നു കമ്പനി വിശദീകരിച്ചു.  ഹാച്ച്ബാക്കായ ‘ഫിഗൊ’ മുതൽ ഐതിഹാസിക മാനങ്ങളുള്ള സെഡാനായ ‘മസ്താങ്’ വരെ നീളുന്നതാണു ഫോഡിന്റെ ഇന്ത്യയിലെ മോഡൽ ശ്രേണി; ഡൽഹി ഷോറൂമിൽ 4.65 ലക്ഷം രൂപ മുതൽ 66.30 ലക്ഷം രൂപ വരെയാണു വിവിധ വാഹനങ്ങളുടെ വില.

ഉൽപ്പാദന ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില ഒന്നു മുതൽ രണ്ടു ശതമാനം വരെ ഉയർത്തുകയാണെന്നു കമ്പനി വിശദീകരിച്ചു.  ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്നു കഴിഞ്ഞ ആഴ്ച ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയും പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ഒന്നു മുതൽ കാർ വിലയിൽ രണ്ടു മുതൽ രണ്ടര ശതമാനം വരെ വർധനയാണു കമ്പനി നടപ്പാക്കുക. 

ഏപ്രിൽ ഒന്നു മുതൽ കാർ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡും നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിവിധ മോഡലുകൾക്ക് പരമാവധി 10,000 രൂപ വരെയാണു കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന വില വർധന. അടുത്തയിടെ അരങ്ങേറ്റം കുറിച്ച കോംപാക്ട് എസ് യു വിയായ ‘ഡബ്ല്യു ആർ — വി’യെ കമ്പനി വിലവർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ്പാണ് പുത്തൻ സാമ്പത്തിക വർഷം മുതൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്.  ഏപ്രിൽ ഒന്നു മുതൽ ‘ബി എം ഡബ്ല്യു’, ‘മിനി’ ശ്രേണിയുടെ വിലയിൽ രണ്ടു ശതമാനം വരെ ഉയർത്തുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.

Your Rating: