Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എം തലേഗാവ് ശാലയിൽ പുതിയ വേതന കരാർ

GM

യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സി(ജി എം)നു മഹാരാഷ്ട്രയിലെ തലേഗാവിലുള്ള കാർ നിർമാണശാലയിലെ ജീവനക്കാരുടെ വേതന പരിഷ്കരണ കരാറായി. മൂന്നു വർഷത്തെ പ്രാബല്യമുള്ള കരാർ കാലാവധി പൂർത്തിയാകുമ്പോൾ 22,000 രൂപയുടെ വരെ വേതന വർധനയാണു ജീവനക്കാർക്കു ലഭിക്കുക. ഈ ഏപ്രിൽ ഒന്നിനു നിലവിൽ വരുന്ന പുതിയ വേതന കരാർ 2020 മാർച്ച് 31  വരെ പ്രാബല്യത്തിലുണ്ടാവും. രണ്ടായിരത്തി അഞ്ഞൂറോളം ജീവനക്കാരാണു ജനറൽ മോട്ടോഴ്സിന്റെ തലേഗാവ് ശാലയിലുള്ളത്.

കരാർ പ്രകാരം ജീവനക്കാർക്കുള്ള അധിക വേതനത്തിന്റെ 80 ശതമാനവും ആദ്യ വർഷം തന്നെ ലഭിക്കുമെന്നു കമ്പനി വിശദീകരിച്ചു. അവശേഷിക്കുന്ന 20% തുടർന്നുള്ള രണ്ടു വർഷത്തിനിടെ തുല്യ തവണകളായി വിതരണം ചെയ്യും. ഇന്ത്യയിലെ വാഹന നിർമാണ പ്രവർത്തനങ്ങൾ തലേഗാവ് ശാലയിൽ കേന്ദ്രീകരിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന്റെ തുടർച്ചയായുള്ള സുപ്രധാന നടപടിയാണു വേതന പരിഷ്കരണ കരാറെന്നായിരുന്നു ജനറൽ മോട്ടോഴ്സ് ഇന്ത്യ വൈസ് പ്രസിഡന്റ്(ഹ്യൂമൻ റിസോഴ്സസ്) പ്രീത്പാൽ എസ് കുലറിന്റെ പ്രതികരണം. ഇരുകൂട്ടർക്കുമിടയിലെ വിശ്വാസവും പ്രതിബദ്ധതയുമാണു കരാറിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വേതനകരാർ യഥാസമയം പുതുക്കാനായത് ഗുണമേന്മ ഉയർത്തുമെന്നും ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്നും തലേഗാവിലെ ജനറൽ മോട്ടോഴ്സ് എംപ്ലോയീ യൂണിയൻ പ്രസിഡന്റ് തുഷാർ കാംതെ വിലയിരുത്തി. ഇന്ത്യയിൽ ജി എം സ്ഥാപിച്ച ആദ്യ ശാലയായ, ഗുജറാത്തിലെ ഹാലോളിൽ നിന്നുള്ള വാഹന നിർമാണം ഏപ്രിൽ 28ന് അവസാനിപ്പിക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. മേലിൽ തലേഗാവ് ശാല കേന്ദ്രീകരിച്ചാവും ജി എമ്മിന്റെ ഇന്ത്യയിലെ വാഹന നിർമാണം നടക്കുക. അതിനിടെ ഹാലോൾ ശാലയിലെ ചില ആസ്തികൾ ഏറ്റെടുക്കാൻ ചൈനയിലെ എസ് എ ഐ സി മോട്ടോർ കോർപറേഷന്റെ ഭാഗമായ എസ് എ ഐ സി മോട്ടോർ എച്ച് കെയ്ക്ക് കോംപറ്റീഷൻ കമ്മിഷൻ ജനുവരിയിൽ അനുമതി നൽകിയിരുന്നു. 

Your Rating: