Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗിലൊം സികാർഡ് നിസ്സാൻ ഏഷ്യ പസഫിക് മേഖലയിലേക്ക്

JAPAN-COMPANY-STOCKS-NISSAN-FILES

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യയുടെ പ്രസിഡന്റ് ഗിലൊം സികാർഡ് സ്ഥാനമൊഴിയുന്നു. റെനോ എഷ്യ പസഫിക് മേഖലയുടെ വിൽപ്പന, വിപണന വിഭാഗം വൈസ് പ്രസിഡന്റായിട്ടാവും ഏപ്രിൽ 28 മുതൽ സികാർഡിന്റെ പുതിയ നിയമനം. ഇതോടൊപ്പം പേയ്മാൻ കർഗാറിനെ സീനിയർ വൈസ് പ്രസിഡന്റും ചെയർമാനുമായും കല്യാണ ശിവജ്ഞാനത്തിനെ മേഖല വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് ആൻഡ് സെയിൽസ്, ഏഷ്യ — മിഡിൽ ഈസ്റ്റ് — ഇന്ത്യ റീജൻ) ആയും നിയോഗിച്ചതായി നിസ്സാൻ മോട്ടോർ കമ്പനി അറിയിച്ചു. ശിവജ്ഞാനത്തിന് നിസ്സാൻ മിഡിൽ ഈസ്റ്റിന്റെ പ്രസിഡന്റ് പദവും നൽകിയിട്ടുണ്ട്; ഇരുവരും ശനിയാഴ്ച ചുമതലയേൽക്കും. 

റെനോ നിസ്സാൻ സഖ്യത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കാർലോസ് ഘോസ്ന്റെ അടുപ്പക്കാരനായി വിലയിരുത്തപ്പെടുന്ന സികാർഡ് 2014 ഒക്ടോബർ ഒന്നിനാണ് നിസ്സാൻ മോട്ടോർ ഇന്ത്യ മേധാവി സ്ഥാനത്തെത്തിയത്. വാഹന നിർമാണം, ബിസിനസ് വിപുലീകരണം, വിപണന ശൃംഖല വ്യാപനം തുടങ്ങി നിസ്സാന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്തം സികാർഡിനായിരുന്നു. കൂടാതെ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം നിസ്സാന്റെ ബജറ്റ് ബ്രാൻഡായി തിരിച്ചെത്തിയ ഡാറ്റ്സന്റെ അവതരണ ചുമതലയും അദ്ദേഹമാണു നിർവഹിച്ചത്.

ലാഭക്ഷമതയിൽ വ്യക്തമായ കാഴ്ചപ്പാടോടെയായിരുന്നു സികാർഡിന്റെ നേതൃത്വത്തിൽ നിസ്സാൻ ഇന്ത്യയുടെ പ്രവർത്തനം. ആഭ്യന്തര വിപണിയിലെ പരിമിതികളെ മറികടക്കാനുള്ള ഫലപ്രദമായ തന്ത്രമെന്ന നിലയാണ് അദ്ദേഹം ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി പ്രോത്സാഹിപ്പിച്ചത്. അഞ്ചു വർഷം മുമ്പാണു നിസ്സാൻ ഇന്ത്യയിൽ നിന്നു കാർ കയറ്റുമതി തുടങ്ങുന്നത്; ഇപ്പോൾ ലോകവ്യാപകമായി 106 രാജ്യങ്ങളിൽ നിസ്സാൻ ഇന്ത്യയിൽ നിർമിച്ച കാറുകൾ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. വാഹന ലോകത്തെ മാറുന്ന പ്രവണതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ സികാർഡ് ഓൺലൈൻ റൈഡ് ഹെയ്ലിങ് കമ്പനികൾക്കു കാർ വിൽക്കാനും ധാരണയുണ്ടാക്കുന്നതിൽ വിജയം നേടി.