Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയിം ഇന്ത്യ: മൈൽഡ് ഹൈബ്രിഡിന് ഇനി ഇളവില്ല

Maruti Suzuki Ciaz SHVS Representative Image: Maruti Suzuki Ciaz SHVS

തർക്കങ്ങൾക്കൊടുവിൽ ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രകാരം മൈൽഡ് ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള ആനുകൂല്യം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ ‘സിയാസി’ന്റെ മൈൽഡ് ഹൈബ്രിഡ് പതിപ്പിനു ലഭിച്ചിരുന്ന വിലക്കിഴിവ് നഷ്ടമാവുമെന്നതു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു തിരിച്ചടി സൃഷ്ടിക്കും.ഇടത്തരം സെഡാനായ ‘സിയാസി’നു പുറമെ വിവിധോദ്ദേശ്യ വാഹന(എം യു വി)മായ ‘എർട്ടിഗ’യിലും മാരുതി സുസുക്കി മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ‘സിയാസി’നു പുറമെ ‘എർട്ടിഗ’യുടെ സ്മാർട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി(എസ് എച്ച് വി എസ്) വകഭേദത്തിനും ‘ഫെയിം പദ്ധതി’ പ്രാകരമുള്ള ഇളവുകൾ ലഭിക്കുന്നുണ്ട്.

രാജ്യത്തു വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നാഷനൽ ഇലക്ട്രിക് മൊബിലിറ്റി പ്ലാനി(എൻ ഇ എം എം പി)നു കീഴിൽ 2015 ഏപ്രിൽ മുതലാണു ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രഖ്യാപിച്ചത്. ബൈക്കുകൾക്ക് 29,000 രൂപ വരെയും കാറുകൾക്ക് 1.38 ലക്ഷം രൂപ വരെയുമാണ് പദ്ധതി പ്രകാരം വിലക്കിഴിവ് ലഭിക്കുക.അതിനിടെ കഴിഞ്ഞ ഒന്നു മുതൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയെ ‘ഫെയിം ഇന്ത്യ’യിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര ഘന വ്യവസായ, പൊതു സംരംഭ മന്ത്രാലയമാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം, 2017 മാർച്ച് 31 വരെ ഡീലർമാർ വിറ്റ മൈൽഡ് ഹൈബ്രിഡ് വാഹനങ്ങൾക്ക് ആനുകൂല്യം ലഭ്യമാവുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഇതുവരെ മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ്, പ്യുവർ ഇലക്ട്രിക് വെഹിക്കിൾസ് എന്നിവയ്ക്കെല്ലാം ‘ഫെയിം ഇന്ത്യ’ പ്രകാരം ആനുകൂല്യം ലഭിച്ചിരുന്നു. മൈൽഡ് ഹൈബ്രിഡ് വിഭാഗത്തിൽപെട്ട ‘എർട്ടിഗ’യ്ക്കും ‘സിയാസി’നും 13,000 രൂപ വീതമായിരുന്നു വിലക്കിഴിവ്. വാഹനത്തെ സ്വയം ചലിപ്പിക്കാൻ ശേഷിയില്ലാത്ത വൈദ്യുത മോട്ടോറാണു മൈൽഡ് ഹൈബ്രിഡ് വാഹനങ്ങളിൽ ഇടംപിടിക്കുന്നത്. പകരം വാഹനം ഓടുന്നതിനിടെ ബാറ്ററിയിൽ ശേഖരിക്കുന്ന ഊർജം ഉപയോഗിച്ച് എൻജിനു പിൻബലമേകുകയാണ് ഈ മോട്ടോറിന്റെ ദൗത്യം. ചുരുക്കത്തിൽ വാഹനത്തിനു കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യാനാവുമെന്നതാണ് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ നേട്ടം.

Your Rating: