Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോബോട്ട് കയറ്റുമതിക്കൊരുങ്ങി ടാറ്റ മോട്ടോഴ്സ്

INDIA-AUTO-TATA-HEALTH-FILES

ഇന്ത്യയിൽ നിർമിച്ച യന്ത്രമനുഷ്യനായ ‘ബ്രാബൊ’യെ യൂറോപ്പിൽ വിൽപ്പനയ്ക്കെത്തിക്കാൻ ടാറ്റ മോട്ടോഴ്സിന്റെ ഉപസ്ഥാപനമായ ടി എ എൽ മാനുഫാക്ചറിങ് നടപടി തുടങ്ങി. ആദ്യ പടിയെന്ന നിലയിൽ ‘ബ്രാബൊ’ റോബോട്ടിന്റെ വിൽപ്പനയ്ക്കായി കമ്പനി ‘സി ഇ’ സർട്ടിഫിക്കേഷൻ സ്വന്തമാക്കി. ആരോഗ്യ, സുരക്ഷ, പരിസ്ഥിതി മേഖലകളിൽ യൂറോപ്പിൽ പ്രാബല്യത്തിലുള്ള നിയനവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന സാക്ഷ്യപത്രം ലഭിച്ചതോടെ ‘ടി എ എൽ ബ്രാബൊ’യുടെ കയറ്റുമതിക്കു വഴിതെളിഞ്ഞതായി ടി എ എൽ മാനുഫാക്ചറിങ് അറിയിച്ചു. സാധനസാമഗ്രികൾ എടുത്ത് യഥാസ്ഥാനത്തു വയ്ക്കുക, പാർട്സ് അസംബ്ലിങ്, മെഷീൻ — പ്രസ് ടെൻഡിങ്, സീലിങ്, കാമറ, കാഴ്ച അധിഷ്ഠിതമായ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണു ‘ടി എ എൽ ബ്രാബൊ’ പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണ ജീവനക്കാർക്കൊപ്പം പ്രവർത്തിച്ചു ആവർത്തന വിരസവും വൈവിധ്യമില്ലാത്തതും അപകടകരവുമൊക്കെയായ ചുമതലകൾ ഏറ്റെടുക്കാൻ ‘ബ്രാബൊ’യ്ക്കു കഴിയും. 

വാഹന നിർമാണം, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ഭക്ഷ്യം, പാക്കേജിങ്, ഔഷധ നിർമാണ് തുടങ്ങിയ മേഖലകളിൽ ‘ബ്രാബൊ’യുടെ സേവനം പ്രയോജനപ്പെടുത്താനാവുമെന്നും ടി എ എൽ മാനുഫാക്ചറിങ് വിശദീകരിക്കുന്നു. ഇന്ത്യയിൽ ടാറ്റ മോട്ടോഴ്സിനു പുറമെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡൈബോൾഡ്, സി പി ജി ഇൻഡസ്ട്രീസ്, ഹൈഡ്രോമാറ്റിക്, എസ് ജി കെ ഇൻഡസ്ട്രീസ്, ആർ ടി എ സ്പാ ഇറ്റലി, ബിറ്റ്സ് ദുബായ് ക്യാംപസ്, സുപർണ പ്ലാസ്റ്റിക്സ്, മൈക്രോമാക്സ് സിസ്റ്റംസ്, ട്വിൻ എൻജിനീയേഴ്സ്, എ എം ഇകോസിസ്റ്റംസ്, കാസിരംഗ സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളും ‘ബ്രാബൊ’യുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. 

Your Rating: