Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെഡ്‌ലൈറ്റ് ലോ ബീം, ഹൈ ബീം ഓട്ടമാറ്റിക്

headlight

രാത്രിയിലെ റോഡപകടങ്ങളുടെ മുഖ്യകാരണങ്ങളിലൊന്നാണു ഹെഡ്‌ലൈറ്റിന്റെ അമിതപ്രകാശം. എതിരെ ഒരു വാഹനം വരുമ്പോൾ ഹെഡ്‌ലൈറ്റ് ലോ ബീം (ഡിപ്) ചെയ്തുകൊടുത്തില്ലെങ്കിൽ ആ വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണ് ഏതാനും സെക്കൻഡ് നേരത്തേക്ക് പ്രവർത്തനരഹിതമായിപ്പോകും, അപകടമുണ്ടാകാൻ അത്രയും സമയം വേണ്ട. ‘ഡിം, ബ്രൈറ്റ്’ എന്നു സാധാരണ വിളിക്കപ്പെടുന്ന ലോ ബീം, ഹൈ ബീം സംവിധാനങ്ങൾ കൃത്യ സമയത്ത് ഉപയോഗിക്കാത്തവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. വാഹനത്തിൽ അതിനുള്ള സ്വിച്ച് ഇല്ലാത്തതുകൊണ്ടോ ഹെഡ്‌ലാംപിൽ ഫിലമെന്റ് ഇല്ലാത്തതുകൊണ്ടോ അല്ല, അറിവില്ലായ്മ, ക്ഷീണം, അലസത, അശ്രദ്ധ, ഈഗോ എന്നിങ്ങനെ വ്യക്തിപരമായ കാരണങ്ങളാലാണ് മിക്കവരും അത് ഉപയോഗിക്കാത്തത്. എത്ര ശ്രദ്ധ പുലർത്തിയാലും ചിലപ്പോൾ അതു വിട്ടുപോകാറുമുണ്ട്. 

ഓട്ടമാറ്റിക് ആയി ‘ഡിപ്പാനും ബ്രൈറ്റാനും’ ലൈറ്റിനു കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകും. ഈ ആഗ്രഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എൻജിനീയറിങ് വിദ്യാർഥികൾ എത്രയോ കാലമായി ഈ വിഷയത്തിൽ പ്രോജക്ടുകൾ ചെയ്യുന്നു. ചില ആഡംബര കാർ കമ്പനികൾ ഈ രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്ത, ഹൈദരാബാദിലെ കാകാതിയ എനർജി സിസ്റ്റംസ് എന്ന കമ്പനി രണ്ടു ദശാബ്ദത്തിനുമുൻപുതന്നെ വിവിധ മാതൃകകൾ പരീക്ഷിച്ചുതുടങ്ങിയിരുന്നു. അവരുടെ രക്ഷാ ബീം അസിസ്റ്റ് (ആർബിഎ) വളരെ ലളിതമായി വാഹനങ്ങളിൽ പിടിപ്പിക്കാവുന്നതും 10000 രൂപയിൽത്താഴെമാത്രം വിലവരുന്നതുമാണ്. റോഡിലെ വെളിച്ചമെത്രത്തോളം എന്നു സെൻസർ വഴി മനസ്സിലാക്കി ഹെഡ്‌ലാംപ് ഹൈ ബീമോ ലോ ബീമോ ആക്കുകയാണ് ആർബിഎ ചെയ്യുന്നത്. നാലുചക്ര വാഹനങ്ങൾ മുതൽ മുകളിലേക്കുള്ളവയിൽ ഉപയോഗിക്കുന്ന ആർബിഎ, ഖനികൾ പോലെ വളെര അപകടകരമായ ഡ്രൈവിങ് സാഹചര്യങ്ങൾ നിലനിൽക്കുന്നിടങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ഉള്ളിൽ, മുന്നിലെ ഗ്ലാസിൽ പിടിപ്പിക്കുന്ന സെൻസറും എൻജിൻ റൂമിൽ പിടിപ്പിക്കുന്ന ‘റിലേ’യുമാണ് ആർബിഎയുടെ മുഖ്യഘടകങ്ങൾ. റിലേ ഹെഡ്‌ലൈറ്റുമായും ബാറ്ററിയുമായി ബന്ധിപ്പിക്കും. എതിരെ വരുന്ന വാഹനം ഏതാണ്ട് 250 മീറ്റർ അടുത്തെത്തുമ്പോൾത്തന്നെ ആർബിഎ പിടിപ്പിച്ച വാഹനം ലൈറ്റ് ഡിപ് ആക്കും. ആവാഹനം കടന്നുപോകുമ്പോൾ വീണ്ടും ബ്രൈറ്റ് ആകും. എതിരെ വരുന്ന വാഹനം പ്രകാശം കുറയ്ക്കാതെ ഹൈ ബീമിൽത്തന്നെ വന്നാൽ അടുത്തെത്തുമ്പോഴേക്ക് ആർബിഎ ഹൈ ബീമിലേക്കു മാറും, എതിരെ വരുന്ന വാഹനത്തിന്റെ ലൈറ്റ് കാരണം നമ്മൾ റോഡ് കാണാതെപോകരുത് എന്നുറപ്പാക്കാനാണിത്. തെരുവുവിളക്കുകൾക്കു മികച്ച പ്രകാശമുള്ള മേഖലയിലെത്തുമ്പോൾ ഹെഡ്‌ലൈറ്റ് ലോ ബീമിലേക്കു സ്വയം മാറും. ഏതു സമയത്തും ഡ്രൈവർക്ക് മാനുവൽ ആയി വാഹനത്തിന്റെ ഹെഡ്‌ലാംപ് നിയന്ത്രണ സ്വിച്ച് ഉപയോഗിക്കാനാവും. അപ്പോൾ ആർബിഎ പ്രവർത്തനം മരവിപ്പിച്ചുനിർത്തും.

ജിപിഎസ് ആധാരമാക്കിയാണ് ആർബിഎയുടെ പ്രവർത്തനം. വാഹനവേഗം 20 കിലോമീറ്ററിനും 90 കിലോമീറ്ററിനും ഇടയ്ക്കാണ് ആർബിഎ പ്രവർത്തിക്കുകയെന്ന് ഉൽപന്നം കേരളത്തിലെത്തിക്കുന്ന കൊച്ചിയിലെ വേൾഡ് വ്യൂവിന്റെ മാനേജിങ് ഡയറക്ടർ തോമസ് ജോർജ് പറഞ്ഞു. ഒട്ടേറെ വാഹന ഡീലർമാർ ആർബിഎ വിറ്റഴിക്കുന്നുണ്ട്. വാഹന ആക്സസറി ഷോറൂമുകൾ വഴിയും ലഭ്യമാണ്.

Your Rating: