Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡബ്ല്യു ആർ — വി’ 7000 ബുക്കിങ് നേടിയെന്നു ഹോണ്ട

honda-wrv Honda WR-V

കോംപാക്ട് ക്രോസോവറായ ‘ഡബ്ല്യു ആർ — വി’ക്ക് മികച്ച വരവേൽപ് ലഭിച്ചെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്. അരങ്ങേറ്റം കുറിച്ച് മൂന്ന് ആഴ്ച പിന്നിടുമ്പോൾ ഏഴായിരത്തോളം ബുക്കിങ്ങുകൾ ‘ഡബ്ല്യു ആർ — വി’ നേടിയെന്നാണു കമ്പനിയുടെ അവകാശവാദം. ഇന്ത്യയിൽ വിപണന സാധ്യതയേറെയുള്ള യൂട്ടിലിറ്റി വാഹന വിപണി പിടിക്കാൻ ഹോണ്ട നടത്തുന്ന മൂന്നാമത്തെ ശ്രമമാണ് ‘ഡബ്ല്യു ആർ — വി’. എം പി വിയായ ‘മൊബിലിയൊ’യ്ക്കും കോംപാക്ട് എസ് യു വിയായ ‘ബി ആർ — വി’ക്കും ശേഷമാണു കമ്പനി പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ പ്ലാറ്റ്ഫോം അടിത്തറയാക്കി ‘ഡബ്ല്യു ആർ — വി’ അവതരിപ്പിച്ചിരിക്കുന്നത്. വില നിർണയത്തിൽ പതിവു പിഴവുകൾ ആവർത്തിക്കാൻ ഹോണ്ട പ്രത്യേകം ശ്രദ്ധിച്ചതും ‘ഡബ്ല്യു ആർ — വി’ക്കു ഗുണകരമായിട്ടുണ്ടെന്നാണു സൂചന. അവതരണ മാസം തന്നെ 3,833 യൂണിറ്റ് വിൽപ്പനയാണു കമ്പനി ‘ഡബ്ല്യു ആർ — വി’ക്ക് അവകാശപ്പെടുന്നത്.

ഇന്ത്യയിൽ പ്രീമിയം വിഭാഗത്തിൽ ശ്രദ്ധയൂന്നാൻ തീരുമാനിച്ച ഹോണ്ട രണ്ടു വകഭേദത്തിലാണു ‘ഡബ്ല്യു ആർ — വി’ ലഭ്യമാക്കുന്നത്: എസും വി എക്സും. ഡൽഹി ഷോറൂമിൽ 7.75 ലക്ഷം മുതൽ 9.99 ലക്ഷം രൂപ വരെയാണ് ‘ഡബ്ല്യു ആർ — വി’ക്കു വില. ക്രമേണ എല്ലാ മോഡലിലും എൻട്രി ലവൽ വകഭേദം ഒഴിവാക്കി പ്രീമിയം മേഖലയിൽ മാത്രം ഇടംപിടിക്കാനാണു കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ വ്യക്തമാക്കുന്നു.

‘ഡബ്ല്യു ആർ — വി’ക്കു കരുത്തേകുന്നത് 1.2 ലീറ്റർ ഐ വി ടെക് പെട്രോൾ, 1.5 ലീറ്റർ ഐ ഡി ടെക് ഡീസൽ എൻജിനുകളാണ്. 90 പി എസ് വരെ കരുത്തും 110 എൻ എം ടോർക്കും സൃഷ്ടിക്കുന്ന പെട്രോൾ എൻജിനൊപ്പമുള്ളത് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്; 100 പി എസ് വരെ കരുത്തും 200 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന ഡീസൽ എൻജിനു കൂട്ട് ആറു സ്പീഡ് ഗീയർബോക്സും. കൂടാതെ ഈ വിഭാഗത്തിൽ ഇതാദ്യമായി ഓട്ടമാറ്റിക് സൺറൂഫും ‘ഡബ്ല്യു ആർ — വി’യിൽ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. 

Your Rating: