Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് മൂന്ന്: 1.2 ലക്ഷം വാഹനങ്ങൾ ഇനിയും ബാക്കി

HYUNDAI MOTOR-OUTLOOK/ Representative image

മാർച്ച് അവസാനവാരം ആദായ വിൽപ്പന നടത്തിയിട്ടും മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് മൂന്ന്(ബി എസ് മൂന്ന്) നിലവാരമുള്ള വാഹനങ്ങൾ പിന്നെയും ബാക്കി. വിവിധ നിർമാതാക്കളുടെ പക്കലായി ഇത്തരത്തിലുള്ള 1.2 ലക്ഷത്തോളം വാഹനങ്ങൾ ബാക്കിയുണ്ടെന്നാണു കണക്ക്. കെട്ടിക്കിടക്കുന്ന ബി എസ് മൂന്ന് നിലവാരമുള്ള വാഹനങ്ങൾക്ക് മൊത്തം 5,000 കോടി രൂപയാണു മൂല്യം കണക്കാകുന്നത്. മാർച്ച് 29 — 31 കാലയളവിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ വിറ്റൊഴിവാക്കാനായി രാജ്യത്തെ വാഹന നിർമാതാക്കൾ 1,200 കോടിയോളം രൂപയുടെ വിലക്കിഴിവ് അനുവദിച്ചെന്നാണ് വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്ക്. പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നതിന്റെ പേരിൽ ഏപ്രിൽ ഒന്നു മുതൽ ബി എസ് മൂന്ന് നിലവാരമുള്ള വാഹനങ്ങളുടെ വിൽപ്പനയും റജിസ്ട്രേഷനും സുപ്രീം കോടതിയാണു വിലക്കിയത്. 

കഴിഞ്ഞ മാർച്ച് 20ലെ നിലയനുസരിച്ച് വാഹന നിർമാതാക്കളുടെ പക്കൽ 20,000 കോടിയോളം രൂപ വിലമതിക്കുന്ന, 8.24 ലക്ഷത്തോളം ബി എസ് മൂന്ന് നിലവാരത്തിലുള്ള വാഹനങ്ങളുണ്ടായിരുന്നു. ഇതിൽ 6.71 ലക്ഷം ഇരുചക്രവാഹനങ്ങളും 96,700 വാണിജ്യവാഹനങ്ങളും 40,048 ത്രിചക്രവാഹനങ്ങളും 16,198 യാത്രാവാഹനങ്ങളും ഉൾപ്പെടും. മലിനീകരണ നിയന്ത്രണ നിലവാരം കർശനമാക്കാത്ത വിപണികളിലേക്ക് ഇത്തരം വാഹനങ്ങൾ കയറ്റുമതി ചെയ്യുകയാണ് നിർമാതാക്കളുടെ മുന്നിലുള്ള പോംവഴിയെന്നു ‘സയാം’ ഡപ്യൂട്ടി ഡയറക്ടർ ജനറൽ സുഗതോ സെൻ വിശദീകരിക്കുന്നു. പല കമ്പനികളും ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്. കോടതി വിധി പ്രഖ്യാപിക്കുംമുമ്പ് ഡീലർഷിപ്പുകളിലെത്തിച്ച വാഹനം തിരിച്ചെടുക്കുക ചെലവേറിയ നടപടിയാവുമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ബി എസ് മൂന്ന് നിലവാരത്തിൽ കുടുങ്ങിയതിലേറെയും ഇരുചക്രവാഹനങ്ങളും വാണിജ്യ വാഹനങ്ങളുമാണ്. പരിഷ്കാരങ്ങൾ നടത്തിയാലും ഇവ പൂർണമായി ബി എസ് നാല് നിലവാരത്തിലെത്തിക്കാനാവില്ല. അതിനിടെ ഭാവിയിൽ ബി എസ് ആറ് നിലവാരം നടപ്പാക്കുമ്പോൾ ഇപ്പോഴത്തെ ആശയക്കുഴപ്പം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും ‘സയാം’ ഡയറക്ടർ ജനറൽ വിഷ്ണു മാത്തൂർ നിർദേശിച്ചു. 2020 ഏപ്രിലിൽ ബി എസ് ആറ് നിലവാരം നടപ്പാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ആ ഘട്ടത്തിൽ നിലവിലുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ തുടരുമോ എന്നതു സംബന്ധിച്ചാണു വാഹന നിർമാതാക്കൾ വ്യക്തത തേടുന്നത്. 

Your Rating: