Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കി പരസ്യ ചുമതല ഡെന്റ്സുവിന്

maruti-suzuki-logo

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പരസ്യ പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതല ഡെന്റ്സു മീഡിയയ്ക്ക്. കമ്പനിയുടെ മീഡിയ പ്ലാനിങ്, ബയിങ് ചുമതലകളെല്ലാമാണ് ഡെന്റ്സു മീഡിയ ഏപ്രിൽ മുതൽ പ്രാബല്യത്തോടെ ഏറ്റെടുക്കുന്നത്. വിവിധ ഏജൻസികളെ പങ്കെടുപ്പിച്ചു നടത്തിയ പ്രസന്റേഷനു ശേഷമാണു മാരുതി സുസുക്കി, ഡെന്റ്സുവിനെ തിരഞ്ഞെടുത്തത്. രാജ്യത്തെ കാർ നിർമാതാക്കളിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ഇന്ത്യയിലെ പ്രമുഖ പരസ്യദാതാക്കളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്നും സ്വന്തമാണ്. മാരുതി സുസുക്കിയുടെ കോർപറേറ്റ്, വിപണന ശൃംഖല, നെക്സ ചാനലുകളുടെ പരസ്യ ചുമതലയെല്ലാം ഇനി ഡെന്റ്സുവിൽ നിക്ഷിപ്തമാവും.

ഇപ്പോൾ തന്നെ ഡെന്റ്സു ഏജിസ് നെറ്റ്വർക്കിന്റെ വിഭാഗങ്ങളായ ഡെന്റ്സു ഇംപാക്ടും ഐസോബാറും  വിവിധ കമ്പനികൾക്കായി ക്രിയേറ്റീവ്, ഡിജിറ്റൽ, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് (സി ആർ എം) ബിസിനസുകൾ നിർവഹിക്കുന്നുണ്ട്. എം എസ് ഐ എല്ലിൽ നിന്നുള്ള കരാർ ലഭിക്കുന്നതോടെ ഡെന്റ്സു ഏജിസ് നെറ്റ്വർക്ക് രാജ്യത്തെ മുൻനിര ഇന്റഗ്രേറ്റഡ്, മാർക്കറ്റിങ് കമ്യണിക്കേഷൻ സ്ഥാപനമായി മാറും. തന്ത്രപരമായ പങ്കാളിത്തമാണു മാരുതിയും ഡെന്റ്സു ഏജിസ് നെറ്റ്വർക്കുമായുള്ളതെന്നു മാരുതി സുസുക്കി ഇന്ത്യ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) സഞ്ജീവ് ഹാൻഡ് അഭിപ്രായപ്പെട്ടു. ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള കാര്യക്ഷമതയ്ക്കുമായി സംയോജിതവും കൂട്ടായ പ്രവർത്തനവുമാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും ഹാൻഡ വെളിപ്പെടുത്തി.

മാരുതി സുസുക്കിയുടെ മാധ്യമ പങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരവും ആഹ്ലാദകരവുമാണെന്നായിരുന്നു ഡെന്റ്സു മീഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ദിവ്യ കാരാനിയുടെ പ്രതികരണം. മാധ്യമ, പരസ്യ, വിപണന മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തെ അണിനിരത്തി മാരുതി സുസുക്കിയുടെ വിപണിയിലെ മേധാവിത്തം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാവും ഡെന്റ്സു മീഡിയ നടത്തുകയെന്നും അവർ വ്യക്തമാക്കി.

Your Rating: