Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുള ഉപയോഗിച്ചു കാർ നിർമിക്കാൻ ഫോഡ്

ford-bamboo-car Imgae Source: Ford

കാർ നിർമാണത്തിൽ മുള പ്രയോജനപ്പെടുത്താൻ യു എസിൽ നിന്നുള്ള ഫോഡ് ഒരുങ്ങുന്നു. പ്രകൃതിയിൽ ലഭിക്കുന്നതിൽ ഏറ്റവും കരുത്തുറ്റ വസ്തുവായാണു മുള പരിഗണിക്കപ്പെടുന്നത്. വൈകാതെ മുളയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് ഏറ്റവും ദൃഢതയുള്ള വസ്തുക്കൾ കമ്പനിയുടെ കാറിന്റെ അകത്തളത്തിൽ കാണാനാവുമെന്നു ഫോഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.  വിസ്മയിപ്പിക്കുന്ന വസ്തുവാണു മുളയെന്നായിരുന്നു ഫോഡിന്റെ ചൈനയിലെ നാൻജിങ് റിസർച് ആൻഡ് എൻജിനീയറിങ് കേന്ദ്രത്തിലെ മെറ്റീരിയൽസ് എൻജിനീയറിങ് സൂപ്പർവൈസർ ജാനറ്റ് യിന്നിന്റെ പ്രതികരണം. ദൃഢതയുണ്ടെങ്കിലും ഇഷ്ടാനുസരണം വഴങ്ങുമെന്നതാണു മുളയുടെ പ്രത്യേക; പോരെങ്കിൽ മലിനീകരണവും ഒട്ടുമില്ല. ചൈനയിൽ മാത്രമല്ല ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ യഥേഷ്ടം ലഭ്യമാണെന്നും മുളയുടെ ആകർഷണമാവുന്നു.

Bamboo: Ford’s Future Solution Towards Eco-Conscious Vehicles | Sustainable Innovations | Ford

വാഹനത്തിന്റെ അകത്തളത്തിൽ മുള ഉപയോഗിക്കാനുള്ള സാധ്യത സപ്ലയർമാരുടെ സഹകണത്തോടെ വർഷങ്ങളായി ഫോഡ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ദൃഢതയ്ക്കായി മുളയ്ക്കൊപ്പം പ്ലാസ്റ്റിക് കൂടി ഉപയോഗിക്കാനാണു ഫോഡ് ആലോചിക്കുന്നത്. കരുത്തിലും വഴക്കത്തിലുമൊക്കെ മറ്റു സിന്തറ്റിക്, പ്രകൃതിദത്ത ഫൈബറുകളെ അപേക്ഷിച്ച് മുളയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തലെന്നും ഫോഡ് വ്യക്തമാക്കുന്നു. 212 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലകളിൽ സ്വഭാവ വ്യതിയാനം വരില്ലെന്നതാണു മുളയുടെ മറ്റൊരു സവിശേഷത. 

മുളയ്ക്കു പുറമെ മറ്റു ജൈവ വസ്തുക്കൾ പ്രയോജനപ്പെടുത്താനും ഫോഡ് ആലോചിക്കുന്നുണ്ട്. ടെക്വില നിർമാതാക്കളായ ജോസ് ക്യുർവൊയിൽ നിന്ന് പ്ലാന്റിലെ ജൈവ മാലിന്യം ഉപയോഗിച്ചു ബയോ പ്ലാസ്റ്റിക്കുകൾ നിർമിക്കാനും ശ്രമം പുരോഗതിയിലാണ്. പരിസ്ഥിതി സൗഹൃദവും ആവർത്തിച്ചുള്ള ഉപയോഗം സാധ്യമായവയുമായ വസ്തുക്കൾ ഫോഡ് വാഹന നിർമാണത്തിൽ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. ഫോഡ് ‘എസ്കേപി’ന്റെ ഡോർ ബോൾസ്റ്ററിൽ പരുത്തി വർഗത്തിൽപെട്ട കെനാഫ് ഉപയോഗിക്കുന്നുണ്ട്. ഫോഡ് ‘എഫ് 150’ ഇലക്ട്രിക്കൽ ഹാണെസിലെ പ്ലാസ്റ്റിക്കിന് ബലം പകരാൻ ഉമിയാണു പ്രയോജനപ്പെടുത്തുന്നത്. ഫോഡ് ‘ഫ്ളെക്സി’ലെ സ്റ്റോറേജ് ബിന്നുകൾക്കു ബലം പകരുന്നതാവട്ടെ വൈക്കോലാണ്.

Your Rating: