Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് മൂന്ന് വാഹന കയറ്റുമതിക്കൊരുങ്ങി ടാറ്റ

tata-ace-mega Tata Ace, Representative Image

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം നടപ്പായതോടെ കെട്ടിക്കിടക്കുന്ന വാണിജ്യ വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നു. ബി എസ് നാല് നിലവാരം നടപ്പായി സാഹചര്യത്തിൽ ഏപ്രിൽ ഒന്നു മുതലാണു രാജ്യത്തെ ബി എസ് മൂന്ന് വാഹനങ്ങളുടെ വിൽപ്പനയ്ക്കും റജിസ്ട്രേഷനുമൊക്കെ സുപ്രീം കോടതിയുടെ വിലക്ക് പ്രാബല്യത്തിലെത്തിയത്. ഇതോടെ രാജ്യത്തെ ബസ് — ട്രക്ക് നിർമാതാക്കളിൽ ഒന്നാം സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്സിന്റെ പക്കൽ ബി എസ് മൂന്ന് നിലവാരത്തിലുള്ള പതിനയ്യായിരത്തോളം വാണിജ്യ വാഹനങ്ങൾ ബാക്കിയായെന്നാണു കണക്ക്. ഇതിനു പുറമെ രാജ്യത്തെ വിവിധ ഡീലർഷിപ്പുകളിലായി ഇത്തരത്തിൽ പെട്ട മൂവായിരത്തോളം വാഹനങ്ങളും കെട്ടിക്കിടപ്പുണ്ടെന്നു ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ(കൊമേഴ്സ്യൽ വെഹിക്കിൾസ്) രവീന്ദ്ര പിഷാരടി സ്ഥീരികരിക്കുന്നു. 

ഇതിൽ പകുതിയോളം അടുത്ത നാലു മുതൽ ആറു മാസത്തിനിടെ വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്യാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കയറ്റുമതിക്കായി കാര്യമായ മാറ്റമൊന്നും വരുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനു പുറമെ ബി എസ് മൂന്ന് മോഡലുകൾ വിലക്കിയതിനെതിരെ നിയമനടപടിക്കുള്ള സാധ്യതയും വിവിധ നിർമാതാക്കൾ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചുപ്പിച്ചു. കയറ്റുമതിക്കു ശേഷം ബാക്കിയാവുന്ന വാഹനങ്ങളെ ബി എസ് നാല് നിലവാരത്തിലേക്ക് ഉയർത്താനാണു ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. കുറേ വാഹനങ്ങൾ സ്പെയർ പാർട്സുകളാക്കി മാറ്റി വിറ്റഴിക്കാനാവുമെന്നും കമ്പനി കരുതുന്നു.

പരിസ്ഥിതി മലിനീകരണം കുറവായതിനാൽ 2017 ഏപ്രിൽ ഒന്നു മുതൽ ബി എസ് നാല്(യൂറോ നാല്) നിലവാരമുള്ള വാഹനങ്ങൾ മാത്രമേ നിർമിച്ചു വിൽക്കാവൂ എന്ന് 2015ൽ തന്നെ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നതാണ്. എന്നാൽ പുതിയ സാങ്കേതികവിദ്യ നടപ്പാവുന്നതിനൊപ്പം ബി എസ് മൂന്ന് നിലവാരമുള്ള വാഹനങ്ങളുടെ വിൽപ്പനയും റജിസ്ട്രേഷനുമൊക്കെ തടയുമെന്ന കാര്യം അന്നു  പ്രഖ്യാപിച്ചിരുന്നില്ല.