Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവായ് ‘പറക്കും കാർ’; വില ഏഴു കോടിയോളം രൂപ

aeromobil AeroMobil

വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ലക്ഷ്യമിട്ടു രൂപകൽപ്പന ചെയ്ത ‘പറക്കുംകാറു’മായി സ്ലൊവാക്യൻ കമ്പനി രംഗത്ത്. 10 ലക്ഷത്തോളം ഡോളർ(ഏകദേശം 6.46 കോടി രൂപ) വില പ്രതീക്ഷിക്കുന്ന കാറുകൾക്കുള്ള ഓർഡറുകളും നിർമാതാക്കളായ ഏറോമൊബിൽ സ്വീകരിക്കുന്നുണ്ട്. 2020 ആകുമ്പോഴേക്ക് ആദ്യ ഉടമകളെ തേടി ‘പറക്കും കാർ’ എത്തുമെന്നാണു പ്രതീക്ഷ.  കണ്ണീർത്തുള്ളിയുടെ ആകൃതിയുള്ള ‘ഏറോമൊബിൽ പറക്കും കാർ’ മൊനാക്കോയിലെ ടോർ മാർക്വിസിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. നിരത്തിലൂടെ ഓടുന്നതിനിടെ വെറും മൂന്നു മിനിറ്റിനുള്ളിൽ കാർ പറക്കാൻ സജ്ജമാവുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. പറക്കാൻ ഒരുങ്ങുമ്പോൾ വിരിഞ്ഞുവരുന്ന ചിറകുകൾ അല്ലാത്ത അവസരത്തിൽ മടക്കി സൂക്ഷിക്കുകയുമാവാം.

ആഗോളതലത്തിൽ ഒട്ടേറെ നിർമാതാക്കൾ ‘പറക്കും കാർ’ വികസനത്തിൽ മുഴുകിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ വിപണനത്തിനെത്തുമ്പോൾ ഈ കാറിന് 12 ലക്ഷം മുതൽ 15 ലക്ഷം ഡോളർ(7.76 കോടി രൂപ മുതൽ 9.70 കോടി വരെ) വില ഉയർന്നേക്കാമെന്നും ഏറോമൊബിൽ മുന്നറിയിപ്പു നൽകുന്നു. എയർഫീൽഡിൽ നിന്നോ സമാനമായ മറ്റേതെങ്കിലും സ്ഥലത്തു നിന്നോ ആണ് ‘പറക്കും കാർ’ ടേക് ഓഫ് ചെയ്യുക. ‘പറക്കും കാറി’ന്റെ സാരഥിക്ക് ഡ്രൈവിങ് ലൈസൻസിനൊപ്പം പൈലറ്റ് ലൈൻസൻസും അനിവാര്യമാണെന്ന് ഏറോമൊബിൽ ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസർ സ്റ്റെഫാൻ വഡോസ് വ്യക്തമാക്കി. നിരത്തുകളിലും വ്യോമ ഗതാഗത മേഖലയിലും ബാധകമായ നിയമങ്ങളും നിബന്ധനകളുമെല്ലാം പാലിച്ചു നിർമിക്കുന്ന ‘പറക്കും കാർ’ 2020 ആകുമ്പോഴേക്ക് ഉടമകൾക്കു കൈമാറാനാവുമെന്ന് വഡോസ് പ്രതീക്ഷ പ്രകടിപ്പിച്ചു.