Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20% വിൽപ്പന വളർച്ച മോഹിച്ച് എച്ച് എം എസ് ഐ

Honda logo

നടപ്പു സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ 20% വളർച്ച ലക്ഷ്യമിടുന്നതായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി ചുമതലയേറ്റ മിനൊരു കാറ്റൊ. ആഭ്യന്തര വിപണിയിലെ വർധിച്ച ആവശ്യം നിറവേറ്റാൻ ഉൽപ്പാദനശേഷി ഉയർത്താനും കമ്പനിക്കു പദ്ധതിയുണ്ട്. ഇന്ത്യയിലെ തന്ത്രങ്ങളിൽ പ്രകടമായ മാറ്റത്തിനാണു ഹോണ്ട ഒരുങ്ങുന്നതെന്നും ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രഖ്യാപനത്തിൽ കാറ്റൊ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപകുതിയിൽ വെല്ലുവിളി നേരിട്ടെങ്കിലും ഇരുചക്രവാഹന വിൽപ്പനയിൽ വ്യവസായമേഖല നേടിയതിന്റെ ഇരട്ടി വളർച്ച കൈവരിക്കാൻ ഹോണ്ടയ്ക്കു സാധിച്ചിരുന്നു.

ഇന്ത്യൻ ഇരുചക്രവാഹന വ്യവസായത്തിൽ തന്നെ ഏറ്റവും വേഗത്തിൽ 50 ലക്ഷം യൂണിറ്റ് വാർഷിക വിൽപ്പന നേടുന്ന കമ്പനിയെന്ന പെരുമയും ഹോണ്ട സ്വന്തമാക്കി. ഈ പശ്ചാത്തലത്തിൽ വാർഷിക വിൽപ്പന 60 ലക്ഷത്തിലെത്തിക്കാനുള്ള ശ്രമമാവും ഇക്കൊല്ലം ഹോണ്ട നടത്തുക. പ്രതിവർഷം ആറു ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാവുന്ന പുതിയ അസംബ്ലി ലൈനിനായി 1,600 കോടി രൂപ നിക്ഷേപിക്കാനും ഹോണ്ട തയാറെടുക്കുന്നുണ്ട്. ഇതോടെ ഹോണ്ടയുടെ ഇന്ത്യയിലെ മൊത്തം ഉൽപ്പാദനശേഷി 64 ലക്ഷം യൂണിറ്റായിട്ടാണ് ഉയരുക. കർണാടകത്തിലെ നരസാപുരയിലെ ശാലയിൽ നിലവിലുള്ള മൂന്ന് അസംബ്ലി ലൈനുകൾക്കു പുറമെ നാലാമത്തെ ലൈൻ സ്ഥാപിക്കാനാണു ഹോണ്ട തയാറെടുക്കുന്നത്. 

കഴിഞ്ഞ വർഷം വികസന പരിപാടികൾക്കായി 600 കോടി രൂപയാണ് ഹോണ്ട ഇന്ത്യയിൽ നിക്ഷേപിച്ചത്. ഇതോടെ 1999ൽ ഇന്ത്യയിലെത്തിയ കമ്പനിയുടെ ഇതുവരെയുള്ള മൊത്തം നിക്ഷേപം 7,800 കോടിയോളം രൂപയിലെത്തിയിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞ വർഷം ഹോണ്ടയുടെ ആഗോള വ്യാപാരത്തിൽ തന്നെ ഏറ്റവും വലിയ സംഭാവന നൽകിയത് ഹോണ്ട ടു വീലേഴ്സ് ഇന്ത്യ ആയിരുന്നു. അഞ്ചും ആറും വർഷം കൂടുമ്പോൾ ഉപയോക്താക്കൾ പഴയ ഇരുചക്രവാഹനം മാറ്റി പുതിയതു വാങ്ങുന്നതാണു ഹോണ്ടയ്ക്കു വിപുലമായ സാധ്യതകൾ തുറന്നു കൊടുക്കുന്നത്. നിലവിലുള്ള മൂന്നു കോടിയോളം ഉപയോക്താക്കൾ വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങൾ സമ്മാനിക്കുമെന്നും ഹോണ്ട കണക്കുകൂട്ടുന്നു.