Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ എട്ടു മോഡലുകളുമായ് ഹ്യുണ്ടേയ്

carlino Hyundai Carlino

ഇന്ത്യയിലെ കാർ വിൽപ്പന ഇരട്ടിയോളമായി ഉയർത്താൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). 2021 ആകുമ്പോഴേക്ക് വാർഷിക വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാനാവുമെന്നാണ് ഹ്യുണ്ടേയിയുടെ പ്രതീക്ഷ; ഈ ലക്ഷ്യം മുൻനിർത്തി പുതിയ മോഡൽ അവതരണങ്ങൾക്കും മറ്റുമായി 5,000 കോടിയോളം രൂപ മുടക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്. വരുന്ന നാലു വർഷത്തിനുള്ളിൽ എട്ടു പുതിയ മോഡലുകളാവും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ അവതരിപ്പിക്കുക; ഇതിൽ മൂന്നു പുതിയ വിഭാഗങ്ങളിലെക്കുള്ള പ്രവേശവും സങ്കര ഇന്ധന മോഡലുകളുടെ അവതരണവും ഉൾപ്പെടുന്നുണ്ട്.

മൊത്തം എട്ടു പുതിയ മോഡലുകളുടെ വികസനത്തിനായാണ് 2020നകം 5,000 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തുകയെന്നു ഹ്യുണ്ടേയ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അറിയിച്ചു. പുത്തൻ അവതരണങ്ങളിൽ മൂന്നെണ്ണം നിലവിൽ കമ്പനിക്കു സാന്നിധ്യമില്ലാത്ത വിഭാഗങ്ങളിലാവുമെന്നും അദ്ദേഹം വ്യക്തമാക്കി. 2020 വരെ വർഷം തോറും രണ്ടു പുതിയ മോഡൽ അവതരങ്ങൾ വീതം പൂർത്തിയാക്കാനാണു ഹ്യുണ്ടേയ് ലക്ഷ്യമിട്ടിരിക്കുന്നത്.പുതിയ മോഡൽ അവതരണങ്ങളുടെ പിൻബലത്തിൽ 2021 ആകുമ്പോഴേക്ക് ഇന്ത്യയിലെ വാഹന വിൽപ്പന ഇരട്ടിയോളമായി ഉയർന്ന് 10 ലക്ഷം യൂണിറ്റിലെത്തുമെന്ന് എച്ച് എം ഐ എൽ ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ പ്രതീക്ഷ പ്രകടിപ്പിച്ചു. 

ആഭ്യന്തര വിപണിയിൽ അഞ്ചു ലക്ഷത്തോളം യൂണിറ്റായിരുന്നു 2016 — 17ൽ ഹ്യുണ്ടേയ് വിറഅറത്; നിലവിൽ ഇന്ത്യൻ യാത്രാവാഹന വിപണിയിൽ 17% ആണു കമ്പനിയുടെ വിഹിതം. കയറ്റുമതി അടക്കം 6.62 ലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷം എച്ച് എം ഐ എല്ലിന്റെ വിൽപ്പന. മൊത്തം 10 മോഡലുകളാണ് ഇപ്പോൾ ഹ്യുണ്ടേയ് ഇന്ത്യയിൽ വിൽക്കുന്നത്.  നടപ്പു സാമ്പത്തിക വർഷവും ഇതേ വിപണി വിഹിതം നിലനിർത്താനാണു കമ്പനി ശ്രമിക്കുന്നതെന്നു കൂ അറിയിച്ചു. ആഭ്യന്തര — വിദേശ വിപണികളിലായി 6.72 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയും കമ്പനി ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഉൽപ്പാദനശേഷി വർധിപ്പിക്കാൻ ആലോചനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.