Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സഫാരി സ്റ്റോം’ ഇനി കരസേനയ്ക്കൊപ്പവും

Tata Safari Storme Tata Safari Storme

മാരുതി സുസുക്കി ‘ജിപ്സി’യുമായി ദശാബ്ദത്തിലേറെ നീണ്ട ബന്ധം വിച്ഛേദിച്ച് ഇന്ത്യൻ കരസേന ടാറ്റ മോട്ടോഴ്സിന്റെ ‘സഫാരി സ്റ്റോം 4 ബൈ ഫോർ’ സ്വന്തമാക്കുന്നു. ജനറൽ സർവീസ് 800(ജി എസ് 800) വിഭാഗത്തിൽപെടുത്തി ആദ്യ ബാച്ചിൽ 3,192 ‘സഫാരി സ്റ്റോം’ വാങ്ങാനാണു കരസേന തീരുമാനിച്ചിരിക്കുന്നത്.  കുറഞ്ഞത് 800 കിലോഗ്രാം ഭാരവാഹക ശേഷിയും കട്ടിയുള്ള മേൽക്കൂരയും എയർ കണ്ടീഷനിങ് സൗകര്യവുമുള്ള വാഹനങ്ങൾ വാങ്ങാനായിരുന്നു പ്രതിരോധ മന്ത്രാലയം താൽപര്യപത്രം ക്ഷണിച്ചത്. ആഭ്യന്തരമായി വികസിപ്പിച്ച ‘ടാറ്റ സഫാരി സ്റ്റോമി’നെ വിവിധ സാഹചര്യങ്ങളിലായി 15 മാസത്തോളം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണു കരസേന തിരഞ്ഞെടുത്തത്. 

പുതുതായി രൂപീകരിച്ച ‘ജി എസ് 800’ വിഭാഗത്തിൽപെടുത്തി കരസേനയ്ക്കു മൂവായിരത്തിലേറെ ‘സഫാരി സ്റ്റോം’ വിൽക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ്(ഡിഫൻസ് ആൻഡ് ഗവൺമെന്റ് ബിസിനസ്) വെർനൻ നൊറോണ പ്രതികരിച്ചു. കരസേനയ്ക്കു വാഹനങ്ങൾ ലഭ്യമാക്കുന്നതിൽ മുൻനിരയിലുള്ള കമ്പനിയെന്ന നിലയിൽ അവരുമായുള്ള പങ്കാളിത്തത്തിനുള്ള പുതിയ അവസരമാണ് ഈ ഓർഡറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡ്രൈവ് ട്രെയ്നിലും സസ്പെൻഷനിലുമുള്ള പരിഷ്കാരങ്ങളോടെയാണു ടാറ്റ മോട്ടോഴ്സ് കരസേനയ്ക്കുള്ള ‘സഫാരി സ്റ്റോം’ ലഭ്യമാക്കുന്നത്. ദൃഢതയ്ക്കൊപ്പം മികച്ച യാത്രാസുഖം ഉറപ്പുനൽകുന്ന വിശ്വസനീയ വാഹനമായാണു കമ്പനി ‘സഫാരി സ്റ്റോമി’നെ വികസിപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമപരിപാലന ഏജൻസികളുടെ ഇഷ്ട വാഹനമായ ‘സഫാരി സ്റ്റോം’ വൈകാതെ നാവികസേനയ്ക്കൊപ്പവും സേവനത്തിനെത്തുമെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

അഞ്ചു വർഷം മുമ്പ് 2012ൽ നിരത്തിലെത്തിയ ‘സഫാരി സ്റ്റോമി’ലെ എൻജിന് 156 പി എസ് വരെ കരുത്തും 400 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ഫോർ ബൈ ഫോർ വകഭേദത്തിലാവട്ടെ ഇലക്ട്രോണിക് ഷിഫ്റ്റ് ഓൺ ഫ്ളൈ സാങ്കേതികവിദ്യയും ലഭ്യമാണ്; തു വഴി ഓട്ടത്തിനിടെ തന്നെ ‘സഫാരി സ്റ്റോമി’നെ ഫോർ ബൈ ഫോറായോ ഫോർ ബൈ ടുവായോ ഉപയോഗിക്കാനാവും. ആറു പതിറ്റാണ്ടോളമായി ഇന്ത്യൻ സായുധ സേനകൾക്കു വാഹനം ലഭ്യമാക്കുന്ന പാരമ്പര്യമാണു ടാറ്റ മോട്ടോഴ്സിനുള്ളത്; 1958 മുതൽ ഇതുവരെ ഒന്നര ലക്ഷത്തോളം വാഹനങ്ങളാണ കമ്പനി സായുധ, അർധ സൈനിക വിഭാഗങ്ങൾക്കു നിർമിച്ചു നൽകിയത്.