Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടേയ് ഗ്ലോബൽ ക്വാളിറ്റി സെന്റർ ഇന്ത്യയിലും

hyundai-global-quality-center Hyundai has opened its fifth Global Quality and Training Center in India

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഗ്ലോബൽ ക്വാളിറ്റി സെന്റർ രാജ്യതലസ്ഥാന മേഖലയിലെ ഫരീദബാദിൽ പ്രവർത്തനം തുടങ്ങി. പുതിയ മോഡലുകളുടെ വികസനത്തിന്റെ പ്രാരംഭഘട്ടത്തിൽ നിർണായക പങ്ക് വഹിക്കാൻ ലക്ഷ്യമിട്ടാണു കേന്ദ്രം തുടങ്ങിയതെന്നു ഹ്യുണ്ടേയ് അറിയിച്ചു. ആഗോളതലത്തിൽ ഇത്തരത്തിലുള്ള അഞ്ചാമതു കേന്ദ്രമാണ് 30 കോടിയോളം രൂപ ചെലവിൽ ഫരീദബാദിൽ തുറന്ന ഇന്ത്യ ക്വാളിറ്റി സെന്റർ(ഐ എൻ ക്യു സി). നിലവിൽ നോർത്ത് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ചൈന എന്നിവിടങ്ങളിലാണു കമ്പനിയുടെ ക്വാളിറ്റി സെന്ററുകൾ പ്രവർത്തിക്കുന്നത്. 72,000 ചതുരശ്ര അടി വിസ്തൃതിയുള്ള ക്വാളിറ്റി സെന്ററിൽ അത്യാധുനിക ക്വാളിറ്റി സെന്ററിനു പുറമെ പരിശീലന കേന്ദ്രവും സ്പെയർ പാർട്സിന്റെ ഗുണമേന്മ ഉറപ്പാക്കാനുള്ള കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. 

ഇന്ത്യയ്ക്കും ആഗോള വിപണികൾക്കുമായി ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വികസിപ്പിക്കുകയെന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് ഇന്ത്യ ക്വാളിറ്റി സെന്റർ പ്രവർത്തനം തുടങ്ങുന്നതെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ വിശധീകരിച്ചു. പുതിയ കാറുകളുടെ വികസനഘട്ടത്തിൽ ഇന്ത്യയിലെയും ഏഷ്യ — പസഫിക് മേഖലയിലെ മറ്റു രാജ്യങ്ങളിലെയും വിപണി സാഹചര്യങ്ങൾ പഠിക്കുകയാവും കേന്ദ്രത്തിന്റെ ദൗത്യം.  കമ്പനി ജീവനക്കാരുടെ പരിശീലനത്തിനുള്ള രാജ്യത്തെ ആറാമത്തെ കേന്ദ്രവും ഇതോടൊപ്പം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇക്കൊല്ലം 15,000 ഡീലർമാർക്കു പരിശീലനം നൽകാനാണു ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ഡിസംബറിനുള്ളിൽ ഗുവാഹത്തിയിലും അഹമ്മദബാദിലും പുതിയ പരിശീലന കേന്ദ്രങ്ങൾ തുറക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.