Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12,000 ബുക്കിങ് നേടി ഹോണ്ടയുടെ ‘ഡബ്ല്യു ആർ — വി’

honda-wrv Honda WR-V

കമ്പനിയുടെ പുത്തൻ ക്രോസ് ഹാച്ചായ ‘ഡബ്ല്യു ആർ — വി’ക്കു മികച്ച വരവേൽപ് ലഭിച്ചതായി ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). ‘ഡബ്ല്യു ആർ — വി’യുടെ മുന്തിയ വകഭേദങ്ങൾ ലഭിക്കാൻ 45 ദിവസത്തോളവും മറ്റു മോഡലുകൾക്ക് ഒരു മാസവും കാത്തിരിക്കേണ്ട സ്ഥിതിയാണെന്നു കമ്പനി ഡീലർമാർ വിശദീകരിക്കുന്നു. മാർച്ചിൽ അരങ്ങേറ്റം കുറിച്ച ‘ഡബ്ല്യു ആർ — വി’ തുടർന്നുള്ള രണ്ടു മാസത്തിനിടെ 12,000 ബുക്കിങ്ങുകളും സ്വന്തമാക്കിയെന്നാണു ഹോണ്ടയുടെ അവകാശവാദം.  ‘ഡബ്ല്യു ആർ — വി’യുടെ ചില നിറങ്ങളോടും വിപണി പ്രത്യേക പ്രതിപത്തി കാട്ടുന്നുണ്ട്; കാർനെലിയൻ റെഡ് ആണത്രെ ഏറ്റവും ജനപ്രിയ നിറം. ഈ നിറത്തിലുള്ള ‘ഡബ്ല്യു ആർ — വി’ ലഭിക്കാൻ ഒരു മാസത്തെ കാത്തിരിപ്പ് വേണ്ടി വരും. അതേസമയം, വെള്ള നിറമാണു തിരഞ്ഞെടുക്കുന്നതെങ്കിൽ വാഹനം വേഗം ലഭിക്കും.

honda-wrv-2 Honda WR-V

പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘ഡബ്ല്യു ആർ — വി’ വിൽപ്പനയ്ക്കുണ്ട്; 1.5 ലീറ്റർ ഡീസൽ, 1.2 ലീറ്റർ പെട്രോൾ എൻജിനുകളാണു ക്രോസ് ഹാച്ചിനു കരുത്തേകുന്നത്. പെട്രോൾ എൻജിനുള്ള മോഡലുകൾ ഡൽഹി ഷോറൂമിൽ 7.75 ലക്ഷം രൂപ മുതൽ ലഭ്യമാണ്; ഡീസൽ എൻജിനുള്ള മുന്തിയ പതിപ്പിനാവട്ടെ 9.99 ലക്ഷം രൂപയാണു വില. ക്രൂസ് കൺട്രോൾ, പുഷ് സ്റ്റാർട് ബട്ടൻ തുടങ്ങിയ സംവിധാനങ്ങളുള്ളതിനാലാവണം ഡീസൽ എൻജിനുള്ള ‘ഡബ്ല്യു ആർ — വി’ക്കാണ് ആവശ്യക്കാരേറെ. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ‘ഡബ്ല്യു ആർ — വി’യുടെ ട്രാൻസ്മിഷൻ. അതേസമയം ‘ഡബ്ല്യു ആർ — വി’ക്ക് ഓട്ടമാറ്റിക് ഗീയർബോക്സ് വകഭേദം അവതരിപ്പിക്കുമോ എന്ന ചോദ്യത്തോടു ഹോണ്ട പ്രതികരിച്ചിട്ടില്ല. 

honda-wrv-1 Honda WR-V

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടേയിയുടെ ‘ഐ 20 ആക്ടീവു’മായിട്ടാണു ‘ഡബ്ല്യു ആർ — വി’യുടെ മത്സരം. പെട്രോൾ എൻജിനുള്ള ‘ഐ 20 ആക്ടീവി’ന് രണ്ടാഴ്ചയും ഡീസൽ വകഭേദങ്ങൾക്ക് ഒരു മാസത്തോളവുമാണു കാത്തിരിക്കേണ്ടതെന്നു ഹ്യുണ്ടേയ് ഡീലർമാർ അവകാശപ്പെടുന്നു.