Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽ ലക്ഷത്തിലേറെ ബുക്കിങ്ങുമായി ‘ഹോണ്ട സിറ്റി’

honda-city-testdrive-8 Honda City

പരിഷ്കരിച്ച ‘സിറ്റി’ക്ക് കാൽ ലക്ഷത്തോളം ബുക്കിങ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കാറിന്റെ നാലാം തലമുറയിൽപെടുന്ന ‘2017 ഹോണ്ട സിറ്റി’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്. അരങ്ങേറ്റം കുറിച്ച് ആദ്യ മാസം തന്നെ പതിനാലായിരത്തോളം ബുക്കിങ് വാരിക്കൂട്ടാൻ ഈ ‘ഹോണ്ട സിറ്റി’ക്കു സാധിച്ചിരുന്നു. മുന്തിയ ‘സെഡ് എക്സ്’ പതിപ്പിനാണ് ആവശ്യക്കാരേറെയെന്നതു കമ്പനിയെ അത്ഭുതപ്പെടുത്തിയതായി ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ അന്ന് അഭിപ്രായപ്പെട്ടിരുന്നു. മൊത്തം ബുക്കിങ്ങിന്റെ 40 ശതമാനത്തോളവും ഡൽഹി ഷോറൂമിൽ 13.52 ലക്ഷം രൂപ വിലമതിക്കുന്ന ഈ മുന്തിയ വകഭേദത്തിനായിരുന്നു. 

Honda City 2017 | Test Drive | Car Reviews | Manorama Online

എൻജിനിൽ മാറ്റമൊന്നുമില്ലെങ്കിലും കാഴ്ചയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെയുള്ള സമഗ്ര പരിഷ്കാരങ്ങളോടെ കഴിഞ്ഞ വലന്റൈൻസ് ദിനത്തിലായിരുന്നു ‘2017 സിറ്റി’യുടെ അരങ്ങേറ്റം. മൊത്തം 11 വകഭേദങ്ങളിൽ ലഭ്യമാവുന്ന കാറിൽ എൽ ഇ ഡി ഡേടൈം റണ്ണിങ് ലൈറ്റ്, എൽ ഇ ഡി ഹെഡ്ലാംപ്, ആൻഡ്രോയ്ഡ് ആധാരമാക്കുന്ന ഇന്റർഫേസ് സഹിതം ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഓഡിയോ വിഷ്വൽ നാവിഗേഷൻ സിസ്റ്റം, ഇരട്ട എയർബാഗ്, ഇ ബി ഡിയോടെ എ ബി എസ്,  ചൈൽഡ് സീറ്റിനായി ഐസോഫിക്സ് എന്നിവയൊക്കെ പുതിയ ‘സിറ്റി’യിലുണ്ട്. അടിസ്ഥാന മോഡലിന് 8.5 ലക്ഷം രൂപയായിരുന്നു ഡൽഹി ഷോറൂമിലെ വില. അതേസമയം കാറിനു കരുത്തേകാൻ മുൻമോഡലിലെ 1.5 ലീറ്റർ ഡീസൽ, പെട്രോൾ എൻജിനുകൾ തന്നെയായിരുന്നു. 

കടുത്ത മത്സരം അഭിമുഖീകരിക്കുന്ന ഇടത്തരം സെഡാൻ വിപണിയിലാണ് ‘ഹോണ്ട സിറ്റി’ മികച്ച നേട്ടം കൊയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. മാരുതി സുസുക്കിയുടെ ‘സിയാസ്’, സ്കോഡ ‘റാപിഡ്’, ഫോക്സ്വാഗൻ ‘വെന്റോ’ തുടങ്ങിയവ ഇടംപിടിക്കുന്ന ഈ വിഭാഗത്തിലേക്കു വൈകാതെ പുതുതലമുറ ‘വെർണ’യുമായി ഹ്യുണ്ടേയിയും എത്തുന്നുണ്ട്.