Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ ആദ്യ ബി ഒ ടി പാതയിലെ ടോൾ ബൂത്ത് പൂട്ടുന്നു

INDIA RIVIGO Representative Image

മഹാരാഷ്ടയിലെ ഏറ്റവും പഴക്കമുള്ള ടോൾ പിരിവ് ബൂത്ത് ശനിയാഴ്ച പ്രവർത്തനം നിർത്തുന്നു. താനെ — ഭിവണ്ടി ബൈപാസിലൂടെ മുംബൈ മഹാനഗരത്തിൽ പ്രവേശിക്കുന്നവരോടും പുറത്തേക്കു പോകുന്നവരോടും ഖരെഗാവിൽ ഈടാക്കുന്ന ടോളിനാണ് 13ന് തിരശീല വീഴുക. റോഡ് നിർമാതാവും മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പുമായുള്ള കരാർ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഖരേഗാവിലെ ടോൾ പിരിവിനും അന്ത്യമാവുന്നത്. ഖരേഗാവിലെ ടോൾ പിരിവിന് അവസാനമാകുന്നതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കും ഒഴിവാകുമെന്ന ആശ്വാസത്തിലാണു  മുംബൈനി വാസികൾ. 

പഴക്കത്തിനപ്പുറം ചരിത്രപ്രാധാന്യവുമേറെയുള്ള ടോൾ ബൂത്താണ് ഖരേഗാവിലേത്; രാജ്യത്തു തന്നെ ആദ്യമായി നിർമിച്ചു പ്രവർത്തിപ്പിച്ചു കൈമാറുക(അഥവാ ബി ഒ ടി) വ്യവസ്ഥയിൽ വികസിപ്പിച്ച ആദ്യ റോഡ് പദ്ധതിയാണ് താനെ — ഭിവണ്ടി ബൈപാസ്.ഐ ആർ ബി ഇൻഫ്രാസ്ട്രക്ടർ ഡവലപ്പേഴ്സാണ് 1997ൽ ഈ റോഡ് നിർമാണം പൂർത്തിയാക്കിയത്; തുടർന്ന് 1998 മുതൽ ടോൾ പിരിവിനും തുടക്കമായി. മൊത്തം 104 കോടി രൂപ ചെലവിലാണു റോഡ് നിർമാണം പൂർത്തിയായത്; തുടർന്നുള്ള അറ്റകുറ്റപ്പണികൾക്കായി 180 കോടി രൂപ കൂടി ചെലവ് കണക്കാക്കിയായിരുന്നു ടോൾ പിരിവ്.

അതേസമയം, 2016 ഡിസംബർ വരെയുള്ള കാലത്തിനിടെ ഐ ആർ ബി ടോൾ ഇനത്തിൽ 677 കോടി രൂപ പിരിച്ചെടുത്തെന്നാണു  കണക്കുകൾ വ്യക്തമാക്കുന്നത്; സർക്കാർ ഉത്തരവുകൾ വൈകിയതിനെ തുടർന്ന് 1998 — 2002 കാലത്തെ പിരിവിന്റെ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നു കൂടി ഇതോടൊപ്പം ഓർക്കണം. ചുരുക്കത്തിൽ 2002 — 2016 കാലത്തു മാത്രം കമ്പനി 677 കോടി രൂപ ടോൾ ഇനത്തിൽ വരുമാനം നേടി. ഉത്തരേന്ത്യയിലേക്കുള്ള മാർഗമെന്ന നിലയിൽ താനെ ജില്ലയിലുള്ള 18 ടോൾ ബൂത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടതായാണ് ഖരേഗാവ് പരിഗണിക്കപ്പെടുന്നത്. നഗരത്തിലേക്കും തിരിച്ചുമുള്ള ചെറു വാഹനങ്ങൾക്കൊപ്പം നാസിക്കിലേക്കും ഭിവണ്ടിയിലേക്കുമുള്ള ഭാര വാഹനങ്ങൾ കൂടിയാവുന്നതോടെ കനത്ത തിരക്കാണ് ഖരേഗാവിൽ അനുഭവപ്പെടാറുള്ളത്.