Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ഇൻഡിഗോ

indigo-udan Representative Image

ചെറു നഗരങ്ങളെ ആകാശമാർഗം കൂട്ടിയിണക്കാനുള്ള കേന്ദ്ര പദ്ധതിയായ ‘ഉഡാൻ’ പ്രയോജനപ്പെടുത്താൻ ഇൻഡിഗോ 130 കോടി ഡോളർ (8320 കോടി രൂപ) ചെലവിട്ട് 50 ചെറു വിമാനങ്ങൾ വാങ്ങുന്നു. 68 മുതൽ 78 വരെ സീറ്റുകളുള്ള എടിആർ 72–600 വിമാനങ്ങളാണ് ഫ്രാൻസിൽനിന്ന് വാങ്ങുക. ആദ്യ വിമാനം ഈ വർഷം അവസാനം തന്നെ സർവീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിക്കുന്നത്.

ചെറു നഗരങ്ങളിലേക്കു വിമാനയാത്ര കുറഞ്ഞ ചെലവിൽ സാധ്യമാക്കുന്ന ‘ഉഡാൻ’ പദ്ധതിയിലെ ആദ്യ സർവീസുകൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചിരുന്നു. ഷിംല–ഡൽഹി സർവീസ് നേരിട്ടും കഡപ്പ–ഹൈദരാബാദ്, നാന്ദെദ്–ഹൈദരാബാദ് സർവീസുകൾ വിഡിയോ കോൺഫറൻസ് വഴിയായിരുന്നു പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. കൂടുതൽ ചെറു നഗരങ്ങളിലേയ്ക്ക് സർവീസ് നീട്ടുന്നതിന്റെ ഭാഗമായാണ് ഇൻഡിഗോ കൂടുതൽ വിമാനങ്ങൾ വാങ്ങുന്നത്.

ഉഡേ ദേശ് കാ ആം നാഗരിക് (ഉഡാൻ UDAN) പദ്ധതിയുടെ ഭാഗമായി  പുതിയ 128 റൂട്ടുകൾ അനുവദിച്ചിട്ടുണ്ട്. ഉപയോഗിക്കാതിരുന്നതോ വളരെ കുറച്ചു മാത്രം ഉപയോഗിച്ചിരുന്നതോ ആയ 45 വിമാനത്താവളങ്ങളാണ് പദ്ധതിയിൽ പ്രയോജനപ്പെടുത്തുക. ഒരു മണിക്കൂർ യാത്രയ്ക്കു പരമാവധി 2500 രൂപ എന്ന നിരക്കിൽ പകുതി സീറ്റുകളെങ്കിലും നൽകണമെന്ന വ്യവസ്ഥയോടെയാണ് അഞ്ചു കമ്പനികൾക്ക് ‘റീജനൽ കണക്ടിവിറ്റി സ്കീം’(ആർസിഎസ്) പ്രകാരം സർവീസ് അനുമതി നൽകിയിട്ടുള്ളത്.

നിലവിൽ എയർ ഇന്ത്യയും ജെറ്റ് എയർവേയ്സും എടിആർ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇക്കൊല്ലം അവസാനം ഇൻഡിഗോയ്ക്ക് വിമാനങ്ങൾ കിട്ടിത്തുടങ്ങും. ഇൻഡിഗോയ്ക്ക് നിലവിൽ 131 എയർബസ് എ 320, എ 320 നിയോ വിമാനങ്ങളാണുള്ളത്. അടുത്ത മാർച്ചോടെ ആകെ 170 എ 320 – നിയോ വിമാനങ്ങളാണ് ലക്ഷ്യം.