Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കൊല്ലം 50 ഡീലർഷിപ് തുറക്കാൻ റെനോ

renault-logo

ഡിസംബറോടെ 50 പുതിയ ഡീലർഷിപ്പുകൾ കൂടി തുറക്കുമെന്നു ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ ഇന്ത്യ. ഇതോടെ ഇന്ത്യയിലെ മൊത്തം ഡീലർഷിപ്പുകളുടെ എണ്ണം 320 ആയി ഉയരുമെന്നു റെനോ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് സുമിത് സാഹ്നി അറിയിച്ചു.  ഇന്ത്യയിലെത്തി അഞ്ചു വർഷത്തിനകം രാജ്യത്തെ കാർ നിർമാതാക്കളിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കാൻ റെനോയ്ക്കു സാധിച്ചു. പ്രതിവർഷം 30 ലക്ഷത്തിലേറെ യൂണിറ്റ് വിൽപ്പനയുള്ള ഇന്ത്യൻ കാർ വിപണിയിൽ നാലര ശതമാനം വിഹിതമാണു റെനോയ്ക്കുള്ളത്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പന വളർച്ച നേടിയ ബ്രാൻഡാണു റെനോയെന്നു സാഹ്നി അവകാശപ്പെട്ടു. ഇതോടൊപ്പം ഏറ്റവും വേഗത്തിൽ വിപണ ശൃംഖല വിപുലീകരിക്കുന്നതും റെനോ തന്നെ. 2016ൽ 70 ഡീലർഷിപ്പുകളാണു കമ്പനി ആരംഭിച്ചത്. ഇക്കൊല്ലം 50 എണ്ണം കൂടി തുറന്ന് മൊത്തം ഡീലർഷിപ്പുകൾ 320 ആക്കി വർധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

വിപണിയുടെ 30 ശതമാനത്തോളം വിഭാഗങ്ങളിൽ മാത്രമാണു മൂന്നു മോഡലുകൾ മാത്രമുള്ള റെനോയ്ക്കു സാന്നിധ്യമെന്നും സാഹ്നി ഓർമിപ്പിച്ചു. ഇന്ത്യയ്ക്കായി വികസിപ്പിച്ചു തകർപ്പൻ വിജയം കൊയ്ത എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’, കോംപാക്ട് എസ് യു വിയായ ‘ഡസ്റ്റർ’, എം പി വിയായ ‘ലോജി’ എന്നിവയാണു റെനോ ശ്രേണിയിലുള്ളത്. പോരെങ്കിൽ വിദേശ നിർമിത കിറ്റ് എത്തിച്ച് പ്രാദേശികമായ അസംബ്ൾ ചെയ്തു വിറ്റിരുന്ന എസ് യു വിയായ ‘കോളിയോസും’ സെഡാനായ ‘സ്കാല’യും റെനോ പിൻവലിച്ചിരുന്നു.

എന്നിട്ടും കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്തു 1,32,235 യൂണിറ്റായിരുന്നു റെനോയുടെ വിൽപ്പന; 2015ലെ വിൽപ്പനയെ അപേക്ഷിച്ച് 146% അധികമായിരുന്നു ഇത്. കഴിഞ്ഞ വർഷം വിൽപ്പനയ്ക്കെത്തിയ ‘ക്വിഡ്’ ആണ് റെനോയുടെ വിൽപ്പനയിൽ 75 ശതമാനത്തോളം സംഭാവന ചെയ്തത്. 20 ശതമാനത്തോളമാണു ‘ഡസ്റ്ററി’ന്റെ വിഹിതം. 2016— 17 വിൽപ്പന 1,35,123 യൂണിറ്റായിരുന്നെന്നു സാഹ്നി വെളിപ്പെടുത്തി; മുൻസാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 88.4% അധികമാണിത്. ഇതോടെ റെനോയുടെ ആഗോളവിൽപ്പന കണക്കെടുപ്പിൽ ഇന്ത്യൻ ഉപസ്ഥാപനം 2016ൽ ഏഴാം സ്ഥാനത്തെത്തി. 2015ൽ കമ്പനി 10—ാം സ്ഥാനത്തായിരുന്നു.