Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹനം: നയം ഇക്കൊല്ലമെന്നു പിയൂഷ് ഗോയൽ

electric-car

വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനുള്ള നയങ്ങൾ നടപ്പു സാമ്പത്തിക വർഷം തന്നെ പ്രഖ്യാപിക്കുമെന്നു കേന്ദ്ര ഊർജ, കൽക്കരി മന്ത്രി പിയൂഷ് ഗോയൽ. ഈ മേഖലയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നയങ്ങൾ രൂപീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വാണിജ്യ, വ്യവസായ മേഖലകളിലെ പ്രതിനിധികളുമായി ലണ്ടനിലും വിയന്നയിലും സന്ദർശനം നടത്തുന്നതിനിടെയാണു മന്ത്രിയുടെ പ്രഖ്യാപനം. 

ഈ വിഷയത്തിൽ നീതി ആയോഗ് ചില മാർഗനിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ഇവ കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നു ഗോയൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ആശയങ്ങൾ സമാഹരിച്ച് ആഭ്യന്തരതലത്തിൽ വൈദ്യുത വാഹന നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള ശക്തമായ നയം ആവിഷ്കരിക്കുമെന്ന് ‘ഇന്ത്യ — ഓസ്ട്രിയ ബിസിനസ് ഫോറ’ത്തിൽ അദ്ദേഹം വിശദീകരിച്ചു. വൈദ്യുത വാഹന മേഖലയിലെ ഗവേഷണ, വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സർക്കാരിന് ആഗ്രഹമുണ്ട്. ക്രമേണ ഈ മേഖലയിലെ നേതൃസ്ഥാനമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാറ്ററിയിൽ ഓടുന്ന കാറുകൾ വ്യാപിപ്പിക്കാനാണു സർക്കാരിന്റെ പദ്ധതി; 2030 ആകുമ്പോഴേക്ക് നിരത്തിൽ ഇത്തരം കാറുകൾ മാത്രമാക്കുകയാണു ലക്ഷ്യം. ഇതുവഴി എണ്ണ ഇറക്കുമതിയും വാഹനങ്ങളുടെ പ്രവർത്തന ചെലവും നിയന്ത്രിക്കാനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്നു മന്ത്രാലയങ്ങളും അവയ്ക്കു കീഴിലുള്ള പൊതു മേഖല സ്ഥാപനങ്ങളും ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും ഉപയോഗത്തിനായി വൈദ്യുത വാഹനങ്ങൾ മാത്രമേ വാങ്ങാവൂ എന്നു തീരുമാനിച്ചിട്ടുണ്ടെന്നും ഗോയൽ അറിയിച്ചു. വൈദ്യുത വാഹനങ്ങൾ വാങ്ങാനായി എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡി(ഇ ഇ എസ് എൽ)നെയോ മറ്റേതെങ്കിലും കമ്പനിയെയോ ചുമതലപ്പെടുത്താനാണു പരിപാടിയെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ വാഹനങ്ങൾ വാടകയ്ക്കെടുക്കുന്ന നിരക്കിൽ തന്നെ വൈദ്യുത വാഹനങ്ങളും ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.