Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി എസ് ആർ: മാരുതി ചെലഴിച്ചത് 89.45 കോടി രൂപ

maruti-suzuki-logo

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) കഴിഞ്ഞ വർഷം ചെലവഴിച്ചത് 89.45 കോടി രൂപ. 2016 — 17ൽ കമ്പനിയുടെ അറ്റാദായത്തിൽ 36.8% വർധന രേഖപ്പെടുത്തിയപ്പോൾ സി എസ് ആർ മേഖലയിലെ ചെലവിൽ 14% ആണു മുൻവർഷത്തെ അപേക്ഷിച്ചു വർധന. നടപ്പു സാമ്പത്തിക വർഷമാവട്ടെ സാമൂഹിക പ്രതിബദ്ധയുടെ ഭാഗമായി 140 കോടി രൂപ ചെലവഴിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ വ്യവസ്ഥകൾ പ്രകാരം വൻലാഭമുള്ള കമ്പനികൾ അറ്റാദായത്തിന്റെ രണ്ടു ശമതാനം സാമൂഹിക പ്രതിബദ്ധതാ മേഖലയിലെ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണം. കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷത്തെ അറ്റാദായത്തിന്റെ ശരാശരി കണക്കിലെടുത്താണു സി എസ് ആർ ഫണ്ട് നിർണയിക്കുക. 

റോഡ് സുരക്ഷാ മേഖലയിൽ കൂടുതൽ തുക ചെലവഴിക്കാനാണു മാരുതി സുസുക്കി തയാറെടുക്കുന്നത്. ഗതാഗത നിയന്ത്രണ, മാനേജ്മെന്റ് മേഖലകൾക്കൊപ്പം ആരോഗ്യ സംരക്ഷണവും മാരുതി സുസുക്കിയുടെ സി എസ് ആർ പ്രവർത്തന പട്ടികയിൽ ഇടംപിടിക്കുന്നുണ്ട്. മുമ്പുള്ള മൂന്നു വർഷങ്ങളിലെ അറ്റാദായത്തിന്റെ അടിസ്ഥാനത്തിൽ 2016 — 17ൽ സാമൂഹിക പ്രതിബദ്ധതാ രംഗത്തു 89.20 കോടി രൂപ ചെലവഴിക്കാനാണു കമ്പനി ലക്ഷ്യമിട്ടിരുന്നത്; എന്നാൽ അന്തിമ ചെലവ് കണക്കാക്കിയപ്പോൾ 89.45 കോടി രൂപയിലെത്തി. 

ഡ്രൈവിങ് പരീശീലന സ്കൂളുകളെ മാരുതി സുസുക്കി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 2.95 ലക്ഷം പേർക്കു ഡ്രൈവിങ് പരിശീലനം നൽകിയെന്നാണു കണക്ക്; മുൻവർഷത്തെ അപേക്ഷിച്ച് 34% അധികമാണിത്. കഴിഞ്ഞ വർഷം 40 പുതിയ ഡ്രൈവിങ് സ്കൂളുകളാണു കമ്പനി തുടങ്ങിയത്; ഇതോടെ 190 നഗരങ്ങളിലായി രാജ്യത്തു മൊത്തം 400 സ്കൂളുകളായി.