Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ ഹിറ്റായി പുതിയ ഡിസയർ, ഇതുവരെ ലഭിച്ചത് 33,000 ബുക്കിങ്

maruti-suzuki-dzire Maruti Suzuki Dzire

കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ച മൂന്നാം തലമുറ മാരുതി സുസുക്കി ‘ഡിസയർ’ ഇതുവരെ നേടിയത് 33,000 ബുക്കിങ്ങുകൾ. കോംപാക്ട് സെഡാനായ ‘ഡിസയറി’ന്റെ  ഡീസൽ, പെട്രോൾ വകഭേദങ്ങൾക്കു ബുക്കിങ്ങിൽ തുല്യ വിഹിതമാണു ലഭിച്ചതെന്നും കമ്പനി അറിയിച്ചു. പുതിയ ‘ഡിസയറി’നുള്ള ബുക്കിങ് കഴിഞ്ഞ അഞ്ചു മുതലാണു കമ്പനി സ്വീകരിച്ചു തുടങ്ങിയത്. പെട്രോൾ, ഡീസൽ എൻജിനുകൾക്കു പുറമെ ഓട്ടോ ഗീയർ ഷിഫ്റ്റ് സഹിതവും പുതിയ ‘ഡിസയർ’ വിൽപ്പനയ്ക്കുണ്ട്. 

കാഴ്ചയിലും രൂപത്തിലുമൊക്കെ മാറ്റങ്ങളുണ്ടെങ്കിലും ‘ഡിസയറി’ന്റെ സാങ്കേതിക വിഭാഗത്തിൽ മാരുതി സുസുക്കി മാറ്റമൊന്നും വരുത്തിയിട്ടില്ല. പെട്രോൾ പതിപ്പിനു കരുത്തേകുന്നത് 1.2 ലീറ്റർ എൻജിനാണ്; പരമാവധി 81.8 ബി എച്ച് പി വരെ കരുത്തും 113 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ലീറ്ററിന് 22 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് ഈ എൻജിന് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഡീസൽ പതിപ്പിന് കരുത്തേകുന്നത് 1.3 ലീറ്റർ ഡി ഡി ഐ എസ് എൻജിനാണ്; പരമാവധി 75 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ലീറ്ററിന് 28.4 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നിർമാതാക്കളുടെ വാഗ്ദാനം. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണു ‘ഡിസയർ’ എന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെനിചി അയുകാവ അവകാശപ്പെട്ടിരുന്നു.

ഡീസൽ, പെട്രോൾ എൻജിനുകൾക്കൊപ്പം അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സുകൾ ലഭ്യമാണ്. ടാറ്റ മോട്ടോഴ്സിന്റെ ‘സെസ്റ്റ്’, ‘ടിഗൊർ’, ഹോണ്ട ‘അമെയ്സ്’, ഫോക്സ്വാഗൻ ‘അമെയ്സ്’, ഹ്യുണ്ടേയ് ‘എക്സെന്റ്’, ടൊയോട്ട ‘എത്തിയോസ്’ തുടങ്ങിയവയാണു ‘ഡിസയറി’ന്റെ എതിരാളികൾ.