Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഡീസൽ എൻജിൻ വികസിപ്പിക്കില്ല: വോൾവോ

volvo-logo Volvo

പുതിയ ഡീസൽ എൻജിനുകൾ വികസിപ്പിക്കാനില്ലെന്നു സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ. ഡീസൽ എൻജിനുകളിലെ നൈട്രജൻ ഓക്സൈഡ് മലിനീകരണ നിയന്ത്രണത്തിനുള്ള ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഹാകൻ സാമുവൽസൻ അറിയിച്ചു. ഇന്നത്തെ സാഹചര്യത്തിൽ വോൾവോയിൽ നിന്നു കൂടുതൽ പുതുതലമുറ ഡീസൽ എൻജിനുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലാണു നിലവിൽ വോൾവോ.

അതേസമയം നിലവിലുള്ള ഡീസൽ എൻജിൻ വകഭേദങ്ങൾ വിപണിയിൽ തുടരുമെന്നു ഹാകൻ സാമുവൽസൻ വിശദീകരിച്ചു. 2013ൽ അവതരിപ്പിച്ച ഈ എൻജിനുകൾ സമീപ ഭാവിയിലെ മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കുന്നുണ്ട്. അതേസമയം, വരുംകാലത്തു നിശ്ചയിച്ചേക്കാവുന്ന ഉന്നത മലിനീകരണ നിയന്ത്രണ നിലവാരം ആർജിക്കാൻ ഇത്തരം ഡീസൽ എൻജിനുകളിൽ കനപ്പെട്ട നിക്ഷേപം ആവശ്യമായി വരും. അതുകൊണ്ടുതന്നെ പുതിയ ഡീസൽ എൻജിനുകൾ ആദായകമാവില്ല. അതേസമയം ഇപ്പോഴുള്ള  ഡീസൽ എൻജിൻ ശ്രേണി 2023 വരെ തുടരാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഡീസൽ വിഭാഗത്തിനു പകരമായി വൈദ്യുത, സങ്കര ഇന്ധന കാറുകളിൽ കൂടുതൽ നിക്ഷേപത്തിനാണു വോൾവോ തയാറെടുക്കുന്നത്. പൂർണമായും വൈദ്യുതിയിൽ ഓടുന്ന കാർ 2019ൽ നിരത്തിലെത്തിക്കാനാണു വോൾവോയുടെ പദ്ധതി. 

ജനങ്ങളെ ആകർഷിക്കാൻ പ്രാപ്തിയുള്ള വൈദ്യുത കാർ അവതരിപ്പിക്കാൻ ടെസ്ല കാട്ടിയ മികവ് അംഗീകരിക്കപ്പെടേണ്ടതാണെന്നു സാമുവൽസൻ അഭിപ്രായപ്പെട്ടു. മികച്ച ഗുണനിലവാരവും ആകർഷക രൂപകൽപ്പനയും സാധ്യമായാൽ വോൾവോയ്ക്കും ഈ വിഭാഗത്തിൽ ഇടംപിടിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

മലിനീകരണ നിയന്ത്രണ നിലവാരം ഉയരുന്നതോടെ ഡീസൽ കാറുകളുടെ വില കുത്തനെ ഉയരുമെന്ന് സാമുവൽസൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലുകളുടെ സ്വീകാര്യത ഗണ്യമായി വർധിക്കുമെന്നും അദ്ദഹം പ്രവചിച്ചിരുന്നു.