Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഡി ചെയർമാനായി സ്റ്റാഡ്‌ലർക്കു നിയമനം വീണ്ടും

audi-car

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി എ ജിയുടെ ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാനായി റുപർട്ട് സ്റ്റാഡ്‌ലർ തുടരും. സ്റ്റാഡ്ലറുടെ കാലാവധി അഞ്ചു വർഷം കൂടി നീട്ടാനാണു കമ്പനിയുടെ സൂപ്പർവൈസറി ബോർഡ് അനുമതി നൽകിയത്.

കമ്പനി പ്രവർത്തനത്തിൽ കൂടുതൽ സത്യസന്ധത ഉറപ്പാക്കാനുള്ള നടപടികളും ബോർഡ് അംഗീകരിച്ചു. ഇതിന്റെ ഭാഗമായി ചീഫ് കംപ്ലയൻസ് ഓഫിസറുടെ പ്രവർത്തനം ചീഫ് ഫിനാൻഷ്യൽ ഓഫിസർ അക്സൽ സ്ട്രോട്ട്ബെക്കിനു കീഴിലാക്കി. മാനേജ്മെന്റ് ബോർഡിൽ സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കാനുള്ള ചുമതലയും സ്ട്രോട്ട്ബെക്കിനു കൈമാറിയിട്ടുണ്ട്; ഇതോടെ സാമ്പത്തിക മേഖലയ്ക്കു പുറമെ ഐ ടി, ഇന്റഗ്രിറ്റി വിഭാഗങ്ങളും സ്ട്രോട്ട്ബെക്കിനു കീഴിലായി. 

സ്റ്റാഡ്‌ലറുടെ സേവന കാലാവധി ദീർഘിപ്പിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നെന്നു ഔഡി എ ജി സൂപ്പർവൈസറി ബോർഡ് ചെയർമാനും ഫോക്സ്‌വാഗൻ എ ജി മാനേജ്മെന്റ് ബോർഡ് ചെയർമാനുമായ മത്തിയാസ് മ്യുള്ളർ വെളിപ്പെടുത്തി. ഔഡി ബ്രാൻഡ് വികസനം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സ്റ്റാഡ്‌ലർക്കു സാധിക്കുമെന്നാണു ബോർഡിന്റെ വിലയിരുത്തൽ. 

അതേസമയം ജീവനക്കാരുടെ താൽപര്യങ്ങൾ മുൻനിർത്തി വേണം സ്റ്റാഡ്‌ലർ മുന്നോട്ടു പോകാനെന്ന് ഔഡി എ ജി ജനറൽ വർക്കേഴ്സ് കൗൺസിൽ ചെയർമാനും സൂപ്പർവൈസറി ബോർഡ് പ്രിസൈഡിങ് കമ്മിറ്റി അംഗവുമായ പീറ്റർ മോഷ് അഭിപ്രായപ്പെട്ടു. ദീർഘകാലാടിസ്ഥാനത്തിൽ ജർമൻ ശാലകളിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ ചെയർമാനു കഴിയണം. ഒപ്പം ശാലകളുടെ ശേഷി പൂർണതോതിൽ വിനിയോഗിക്കാനുള്ള നടപടികളും സ്വീകരിക്കണം. കമ്പനിക്കു മികച്ച ഭാവി ഉറപ്പാക്കാൻ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.