Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ കാർ നിർമിക്കാൻ വോൾവോയും

volvo-logo

ഇന്ത്യയിൽ പ്രാദേശികമായി വാഹന നിർമാണം ആരംഭിക്കാൻ സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ കാഴ്സ് തീരുമാനിച്ചു. ഇക്കൊല്ലം തന്നെ ഇന്ത്യയിൽ വാഹന അസംബ്ലിങ് പ്രവർത്തനം തുടങ്ങാനാണു ചൈനീസ് നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോയുടെ നീക്കം.

ഇക്കൊല്ലം ഇന്ത്യയിൽ നിർമിച്ച വോൾവോ കാറുകൾ വിൽപ്പനയ്ക്കെത്തുമെന്നു വോൾവോ കാഴ്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഹകൻ സാമുവൽസനാണു പ്രഖ്യാപിച്ചത്. വരുംവർഷങ്ങളിൽ ഇന്ത്യൻ ആഡംബര കാർ വിപണിയിലെ വിഹിതം ഇരട്ടിയായി ഉയർത്താൻ ലക്ഷ്യമിട്ടാണു പ്രാദേശിക അസംബ്ലിങ് ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രാദേശികതലത്തിൽ വാഹന നിർമാണം ആരംഭിക്കുന്നതു വോൾവോയ്ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്നു വോൾവോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടർ ടോം വോണ് ബോൺസ്ഡ്രോഫ് അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തുന്ന വോൾവോ കാറുകളുടെ അതേ ഗുണനിലവാരം ഇന്ത്യൻ നിർമിത കാറുകൾക്കും കമ്പനി ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ബെംഗളൂരുവിലെ അസംബ്ലി പ്ലാന്റിൽ നിന്ന് എസ് പി എ മൊഡുലാർ വെഹിക്കിൾ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലുള്ള വാഹനങ്ങളാവും വോൾവോ നിർമിക്കുക. സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എക്സ് സി 90’ ആവും പുതിയ ശാലയിൽ നിന്ന് ആദ്യം നിരത്തിലെത്തുക. ഇന്ത്യയിൽ അസംബ്ൾ ചെയ്യുന്ന മറ്റു മോഡലുകൾ ഏതൊക്കെയെന്നു കമ്പനി പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യയിൽ മികച്ച വിൽപ്പന വളർച്ച നേടി മുന്നേറുന്ന പ്രീമിയം കാർ വിഭാഗത്തിൽ കൂടുതൽ പങ്കാളിത്തം ലക്ഷ്യമിട്ടാണു വോൾവോ പ്രാദേശിക അസംബ്ലിങ്ങിനു തയാറെടുക്കുന്നത്. ബെംഗളൂരുവിൽ വോൾവോ ഗ്രുപ് ഇന്ത്യയ്ക്കുള്ള ട്രക്ക്, ബസ്, നിർമാണ സാമഗ്രി നിർമാണശാലയ കേന്ദ്രീകരിച്ചാവും വോൾവോ കാഴ്സിന്റെ അസംബ്ലി ശാലയും പ്രവർത്തിക്കുക. വോൾവോ ഗ്രുപ്പ് ഇന്ത്യയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഉൽപ്പാദന ലൈസൻസുകളും തന്നെയാണു കമ്പനിയും പ്രയോജനപ്പെടുത്തുക. അതേസമയം പുതിയ പ്ലാന്റിനുള്ള നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.