Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെവർലെ കാർ ഉടമകൾ ഇനി എന്തുചെയ്യും?

Chevrolet Beat Chevrolet Beat

ഷെവർലെ ബീറ്റ്, എൻജോയ്, ടവേര, ക്രൂസ്, സെയിൽ തുടങ്ങിയ വാഹനങ്ങളുപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ഷെവർലെ ഇന്ത്യ വിപണിയിൽ നിന്ന് പിൻവാങ്ങുന്നു എന്ന വാർത്ത പുറത്തു വന്നത്. 1996 ൽ ഇന്ത്യയിലെത്തിയ ഈ അമേരിക്കൻ നിർമാതാവിന് വിപണിയിൽ ആഴത്തിൽ വേരോടിക്കാൻ കഴിഞ്ഞില്ലെന്നു വേണം പറയാൻ. നിരവധി മികച്ച വാഹനങ്ങളുണ്ടായിരുന്നിട്ടും ഷെവർലെയ്ക്ക് ഇന്ത്യയിൽ കാലുറപ്പിക്കാനായില്ല. എന്നാൽ കമ്പനിയെ ഇന്ത്യൻ ആഭ്യന്തര വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള ജനറൽ മോട്ടോഴ്സിന്റെ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയിലെ ഷെവർലെ ഉപഭോക്താക്കളെയാണ്. സർവീസിനും, സ്പെയർപാർട്ട്സുകള്‍ക്കുമായി ഷെവർലെ ഉപഭോക്താക്കൾ ഇനി എന്തു ചെയ്യണം?

‌സർവീസ്

ഇന്ത്യയിലെ വിൽപ്പന ഡിസംബറോടെ അവസാനിപ്പിക്കുകയാണ് എന്ന് കാണിച്ച് ജനറൽ മോട്ടോഴ്സ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ തന്നെ സർവീസ് നെറ്റ്‌വർക്കുകളെക്കുറിച്ചുള്ള കമ്പനിയുടെ പദ്ധതി വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സർവീസ് സെന്ററുകളുണ്ടാകും എന്നാണ് കമ്പനി അറിയിച്ചത്. എന്നാൽ എതൊക്കെ നഗരങ്ങളിലെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. കൂടാതെ സർവീസ് നിലവിലെ ഷെവർലെ കാറുകൾക്കുള്ള വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്റെൻസ് തുടങ്ങി ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ എത്രനാൾ ഇത് തുടരുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. 

പിൻമാറ്റം ആഭ്യന്തര വിപണിയിൽ നിന്ന് മാത്രം

ഷെവർലെ കാറുകളുടെ ഇന്ത്യൻ വിൽപ്പന കമ്പനി അവസാനിപ്പിച്ചെങ്കിലും മഹാരാഷ്ട്രയിലെ നിർമാണ ശാലയിൽ നിന്ന് രാജ്യാന്തര വിപണിക്കായുള്ള നിർമാണം തുടരും. കൂടാതെ ബംഗളൂരുവിലെ ജിഎം ടെക്നിക്കൾ സെന്ററും തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ 2006ൽ ഓപലിനെ പിൽവലിച്ച് ഷെവർലെയെ വിപണിയിലെത്തിച്ചതുപോലെ പുതിയൊരു ബ്രാൻഡിനെ വിപണിയിലെത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നു വേണം കരുതാൻ.