Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് ആറിനു മുൻഗണന നൽകാൻ മെഴ്സീഡിസ്

രാജ്യത്തെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾക്കു പിന്തുണയുമായി ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരം കൈവരിക്കുകയും വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയുമല്ലാതെ ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്നാണു കമ്പനിയുടെ വിലയിരുത്തൽ.

ജൂലൈയിൽ നിലവിൽ വരുന്ന ചരക്ക്, സേവന നികുതി(ജി എസ് ടി)യിൽ സങ്കര ഇന്ധന വാഹനങ്ങൾക്ക് ഉയർന്ന നികുതി ബാധകമാക്കിയതിനെ തുടർന്നു രാജ്യത്തെ വിവിധ നിർമാതാക്കൾ കടുത്ത ആശങ്കയിലാണ്. ഈ പശ്ചാത്തലത്തിലാണു കേന്ദ്ര സർക്കാരിന്റെ നടപടികൾക്കു പിന്തുണയുമായി മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടർ റോളണ്ട് ഫോൾജർ രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജി എസ് ടി നടപ്പാവുന്നതോടെ സങ്കര ഇന്ധന വാഹനങ്ങളുടെ നികുതി ബാധ്യത 43% ആയി ഉയരും; 28%) നികുതിയും 15% സെസും. അതേസമയം ചെറിയ എൻജിനുള്ള പെട്രോൾ വാഹനങ്ങൾക്കുള്ള നികുതി 29 ശതമാനവും ഡീസൽ വാഹനങ്ങളുടേത് 31% മാത്രമാണ്. ബാറ്ററിയിൽ ഓടുന്ന വൈദ്യുത വാഹനങ്ങൾക്കുള്ള നികുതിയാവട്ടെ 12% ആണ്. 

ഇതൊക്കെ പരിഗണിച്ചാവണം സങ്കര ഇന്ധന മോഡലുകൾക്ക് പകരം ഭാരത് സ്റ്റേജ് ആറിലേക്കുള്ള മാറ്റത്തിനാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യ പരിഗണന നൽകുകയെന്ന് ഫോൾജർ വ്യക്തമാക്കിയത്. ബി എസ് ആറിലെത്തുന്നതോടെ നൈട്രജൻ ഓക്സൈഡ് മലിനീകരണം 80% വരെ കുറയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ സങ്കര ഇന്ധന മോഡലുകൾക്ക് ഈ നേട്ടം കൈവരിക്കാനാവില്ല. അതുകൊണ്ടുതന്നെ ഹൈബ്രിഡിനു പകരം ബി എസ് നാലിൽ നിന്നു ബി എസ് ആറിലേക്കുള്ള പരിവർത്തനത്തിനാവും കമ്പനി മുൻഗണന നൽകുകയെന്ന് അദ്ദേഹം വിശദീകരിച്ചു.  അതേസമയം, പരിസ്ഥിതി മലിനീകരണം കാര്യക്ഷമമായി കുറയ്ക്കണമെങ്കിൽ വൈദ്യുത വാഹന സാങ്കേതികവിദ്യയെ തന്നെ ആശ്രയിക്കേണ്ടി വരും. പക്ഷേ ഇതിനുള്ള അടിസ്ഥാന സൗകര്യ വികസനം പരിഗണിക്കുമ്പോൾ ഈ മാറ്റം ലളിതമല്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.