Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു ലക്ഷം രൂപ വില കുറച്ച് ജഗ്വാർ ലാൻഡ് റോവർ

jaguar-xf Jaguar-XF

അടുത്ത മാസം ചരക്ക്, സേവന നികുതി (ജി എസ് ടി) നിലവിൽ വരുന്നതു പ്രമാണിച്ചു ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറും (ജെ എൽ ആർ) ഇന്ത്യയിലെ വാഹന വില കുറച്ചു. ‘ജഗ്വാർ’ ശ്രേണിയിലെ മൂന്നു സെഡാനുകൾക്കും ‘ലാൻഡ് റോവറി’ന്റെ രണ്ട് എസ് യു വികൾക്കുമാണു വില കുറയുന്നത്.  ജൂലൈ ഒന്നിനു ലഭ്യമാവുമെന്നു കരുതുന്ന ഇളവുകളാണ് മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ തന്നെ ഉപയോക്താക്കൾക്കു കൈമാറുന്നതെന്നു ജെ എൽ ആർ അറിയിച്ചു. ‘ജഗ്വാർ എക്സ് ഇ’ വിലയിൽ രണ്ടു ലക്ഷം മുതൽ 5.70 ലക്ഷം രൂപ വരെയാണ് കുറവു വരിക. ‘ജഗ്വാർ എക്സ് ജെ’യ്ക്കുള്ള ഇളവ് നാലു ലക്ഷം മുതൽ 10.90 ലക്ഷം രൂപ വരെയാണ്. ‘ഡിസ്കവറി സ്പോർട്ടി’ന്റെയും ‘റേഞ്ച് റോവർ ഇവോക്കി’ന്റെയും വിലയിൽ 3.3 ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെയാണ് കുറവു പ്രതീക്ഷിക്കുന്നത്.

ചുരുക്കത്തിൽ ലാൻഡ് റോവർ ശ്രേണിയുടെ വിലയിൽ ഏഴു മുതൽ 12% വരെ വിലക്കിഴിവാണു ജെ എൽ ആർ പ്രഖ്യാപിച്ചിരിക്കുന്നത്. ജി എസ് ടിക്കു മുന്നോടിയായി പ്രീമിയം കാർ നിർമാതാക്കൾ ഇതുവരെ പ്രഖ്യാപിച്ച ആനുകൂല്യത്തിൽ ഏറ്റവും ഉയർന്ന നിരക്കുമാണിത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ തീരുമാനമാണ് ജി എസ് ടി നടപ്പാക്കലെന്ന് ജെ എൽ ആർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി അഭിപ്രായപ്പെട്ടു. നികുതി ഘടന ലളിതവും സുതാര്യവുമാക്കുന്നതിനൊപ്പം ഉപയോക്താക്കൾക്കും നേട്ടം സമ്മാനിക്കാൻ ജി എസ് ടിക്കു സാധിക്കുമെന്ന് അദ്ദേഹം വിലയിരുത്തി.

ജി എസ് ടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വാഹന നിർമാതാക്കൾ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യ ജൂൺ 30 വരെ പ്രാബല്യത്തോടെ 10 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. സെഡാനായ ‘എ ത്രീ’ മുതൽ പ്രീമിയം സെഡാനായ ‘എ എയ്റ്റ്’ വരെ നീളുന്ന ഔഡി ശ്രേണിക്ക് 30.5 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണു വില.

ജർമനിയിൽ നിന്നു തന്നെയുള്ള ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ വാഹന വിലയിൽ ജി എസ് ടിയുടെ ആനുകൂല്യമടക്കം 12% വരെ ഇളവാണ് പ്രാബല്യത്തിലെത്തിയത്. എതിരാളികളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യയുടെ വാഹന വിലയിലും ഏഴു ലക്ഷം രൂപ വരെയുള്ള ഇളവുകൾ നിലവിൽ വന്നിട്ടുണ്ട്. യു എസ് നിർമാതാക്കളായ ഫോഡ് ആവട്ടെ കോംപാക്ട് എസ് യു വിയായ ‘ഇകോ സ്പോർടി’നും സെഡാനായ ‘ആസ്പയറി’നും ഹാച്ച്ബാക്കായ ‘ഫിഗൊ’യ്ക്കുമൊക്കെ ഫോഡ് ഇന്ത്യ വിലക്കിഴിവ് അനുവദിച്ചിട്ടുണ്ട്.

‘ഇകോ സ്പോർട്’ വിലയിൽ 20,000 മുതൽ 30,000 രൂപ വരെയാണു ഫോഡ് കുറയ്ക്കുക; ഇതോടെ ‘ഇകോ സ്പോർട്ടി’ന്റെ ഡൽഹി ഷോറൂം വില 7.18 ലക്ഷം മുതൽ 10.76 ലക്ഷം രൂപ വരെയായി കുറഞ്ഞിട്ടുണ്ട്.‘ഫിഗൊ’യ്ക്കും ‘ആസ്പയറി’നും 10,000 മുതൽ 25,000 രൂപ വരെയാണ് വില കുറയുക. ഇതോടെ ഡൽഹി ഷോറൂമിൽ ‘ഫിഗൊ’ വില 4.75 — 7.73 ലക്ഷം രൂപ നിലവാരത്തിലെത്തി; ‘ആസ്പയറി’ന്റെ പുതുക്കിയ വിലയാവട്ടെ 5.44 ലക്ഷം മുതൽ 8.28 ലക്ഷം വരെയാണ്. ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യയാവട്ടെ  വിവിധ മോഡലുകളുടെ വിലയിൽ 60,000 മുതൽ 1.5 ലക്ഷം രൂപയുടെ വരെ ഇളവാണ് പ്രഖ്യാപിച്ചത്.