Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത കാർ: ടെസ്‌ലയുമായുള്ള സഖ്യം ടൊയോട്ട വിട്ടു

വൈദ്യുത വാഹന(ഇ വി) വികസനത്തിനായി യു എസിലെ ടെസ്‌ല ഇൻകോർപറേറ്റഡുമായി നിലവിലുണ്ടായിരുന്ന സഖ്യം ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ അവസാനിപ്പിച്ചു. ടെസ്‌ലയോടു വിട പറയുന്നതിനൊപ്പം സ്വന്തം നിലയ്ക്കു വൈദ്യുത വാഹനങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ ഊർജിതമാക്കാനും ടൊയോട്ട തീരുമാനിച്ചിട്ടുണ്ട്.സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനത്തെപ്പറ്റി ടൊയോട്ടയോ ടെസ്ലയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഇ വി മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് 2010ലാണു ടൊയോട്ടയും ടെസ്‌ലയും തീരുമാനിച്ചത്. സമഗ്രമായ സഹകരണത്തിന്റെ ഭാഗമായി അഞ്ചു കോടി ഡോളർ മുടക്കി ടെസ്ലയിൽ 3.15% ഓഹരി പങ്കാളിത്തവും ടൊയോട്ട നേടിയിരുന്നു.  രണ്ടു വർഷത്തിനു ശേഷം ടെസ്‌ലയും ടൊയോട്ടയും ചേർന്നു വികസിപ്പിച്ച വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹനം വിൽപ്പനയ്ക്കുമെത്തി; കലിഫോണിയയിലും മറ്റു വിപണികളിലുമായി ഇത്തരത്തിൽപെട്ട 2,500 എസ് യു വികളാണു വിറ്റഴിഞ്ഞത്.

എന്നാൽ തുടർന്ന് ഇരുകമ്പനികളും ചേർന്നുള്ള വൈദ്യുത വാഹന വികസനത്തിൽ കാര്യമായ പുരോഗതി ദൃശ്യമായില്ല. പോരെങ്കിൽ നിക്ഷേപങ്ങളുടെ അവലോകനത്തിന്റെ പേരിൽ കഴിഞ്ഞ ഡിസംബറോടെ ടെസ്ലയിലെ ഓഹരികൾ ടൊയോട്ട പൂർണമായി  വിറ്റൊഴിയുകയും ചെയ്തു. ഒപ്പം ഗ്രൂപ്പിലെ കമ്പനികളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വൈദ്യുത കാർ വികസനത്തിനായി ടൊയോട്ട പുതിയ സംഘത്തെയും നിയോഗിച്ചു. 

ഇന്ധന സെൽ സാങ്കേതികവിദ്യയാണു ഭാവിയുടെ സാധ്യതയെന്ന വിലയിരുത്തലിൽ ഈ രംഗത്തു ടൊയോട്ട മുമ്പുതന്നെ ശ്രദ്ധയൂന്നുന്നുണ്ട്. ഇന്ധനെ സെൽ സാങ്കേതികവിദ്യയിൽ ഓടുന്ന ‘മിറൈ’ കമ്പനി വിൽക്കുന്നുമുണ്ട്; ഓടുമ്പോൾ ജലമാണ് ഈ കാർ മാലിന്യമായി പുറന്തള്ളുക. ഇലക്ട്രോ കെമിക്കൽ പ്രതിപ്രവർത്തനത്തിന്റെ ഫലമായി ഹൈഡ്രജനും ഓക്സിജനും സമന്വയിപ്പിച്ച് വൈദ്യുതി സൃഷ്ടിച്ചാണ് ഇന്ധനസെല്ലുകൾ പ്രവർത്തിക്കുക. വാഹനങ്ങൾ ഓടിക്കുന്നതിന പുറമെ വീടുകളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഇതേ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. അതേസമയം ഹൈഡ്രജൻ നിറയ്ക്കാനുള്ള സ്റ്റേഷനുകൾ വേണ്ടത്രയില്ലെന്നതാണ് ഈ സാങ്കേതിക വിദ്യ പ്രചാരം നേടാനുള്ള പ്രധാന പ്രതിബന്ധം.