Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെഗ്‌മെന്റു പിടിക്കാൻ ഹ്യൂണ്ടേയ്‌യുടെ ക്രോസ്ഓവർ എസ്‌യുവി

Hyundai Kona Hyundai Kona

ക്രോസ്ഓവർ എസ് യു വി സെഗ്‌മെന്റു കീഴടക്കാൻ കോനയുമായി ഹ്യൂണ്ടായ് എത്തുന്നു. ഹ്യൂണ്ടേയ്യുടെ പ്രീമിയം ഹാച്ച്ബാക്കായ ഐ20യെ അടിസ്ഥാനമാക്കി ഡിസൈൻ ചെയ്യുന്ന വാഹനത്തിന്റെ ആദ്യ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. എൽഇഡി ഹെ‍ഡ്‌ലാമ്പുകൾ വലിയ ഫോഗ്‌ലാമ്പ്, ഹെക്സഗണൽ ഗ്രിൽ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ടെയിൽലാമ്പ്, വാഹനത്തിനു ചുറ്റുമുള്ള ക്ലാഡിങ്ങുകൾ എന്നിവയാണു കോനയുടെ പ്രധാന പ്രത്യേകതകൾ. 

hyundai-kona-1 Hyundai Kona

ഏറെ മികച്ച അത്യാധുനിക സംവിധാനങ്ങളോടും ക്രമീകരണങ്ങളോടെയുമാകും പുതിയ മോഡലെത്തുകയെന്നാണു സൂചന. തികച്ചും നൂതനമായ ഡിസൈൻ ഫിലോസഫിയിലാണ് വാഹനം പുറത്തിറങ്ങുന്നത്. 2014 ജനീവ മോട്ടോർഷോയിൽ പ്രദർശിപ്പിച്ച ഇൻട്രാഡോ കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയെത്തുന്ന പുതിയ ക്രോസ്ഓവറിനു 1 ലീറ്റർ പെട്രോൾ, 1.6 ലീറ്റർ ഡീസൽ എൻജിനുകളുണ്ടാകും. 

hyundai-kona-2 Hyundai Kona

ഈ വർഷം തന്നെ കോനയെ രാജ്യന്തര വിപണിയിൽ കമ്പനി അവതരിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ക്രോസ്ഓവറുകൾക്കും എസ് യു വികൾക്കും ലോകത്തിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പേരു നൽകുകയെന്ന പാരമ്പര്യം പിന്തുടർന്നാണു ഹവായ് ദ്വീപ് സമൂഹത്തിലുൾപ്പെടുന്ന കോന ദ്വീപിന്റെ പേരു പുതിയ വാഹനത്തിനു നൽകിയിരിക്കുന്നത്.

എന്നാൽ ക്രേറ്റയുടെയും ട്യൂസോണിന്റെയും ഇടയിൽ വിലവരുന്ന പുതിയ കോംപാക്റ്റ് എസ് ‌യുവിയുടെ ഇന്ത്യൻ അരങ്ങേറ്റത്തിനെ പറ്റി ഹ്യൂണ്ടേയ് പ്രതികരിച്ചിട്ടില്ല. എന്നാൽ ഐ20 ആക്ടീവ് എന്ന ക്രോസ് ഹാച്ച് ഇന്ത്യൻ വിപണിയിൽ കമ്പനി നേരത്തെ പുറത്തിറക്കിയതുകൊണ്ടും ഏഷ്യൻ വിപണിക്കായുള്ള കാർലിനോ എന്ന ചെറു എസ് യു വി വികസിപ്പിക്കുന്നതായി കമ്പനി നേരത്തെ പ്രഖ്യാപിച്ചതുകൊണ്ടും കോനയുടെ ഇന്ത്യൻ അരങ്ങേറ്റത്തിനുള്ള സാധ്യതകൾ വിരളമാണ്. ട്യൂസോണിനും താഴെ വരുന്ന എസ്‌യുവി നിസാൻ ജൂക്ക്, ടൊയോട്ട സി–എച്ച്ആർ തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും രാജ്യാന്തര വിപണിയിൽ കോന ഏറ്റുമുട്ടുക.