Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിലെ ഹ്യുണ്ടേയ് മേധാവിയുടെ രാജി വീണ്ടും

hyundai

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിന്റെ യു എസിലെ വിൽപ്പന വിഭാഗം മേധാവി ഡെറിക് ഹാതമി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു ഹാതമിയുടെ രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. വിൽപ്പനയിൽ തുടർച്ചയായ ഇടിവു നേരിടുന്ന യു എസിൽ ഹ്യുണ്ടേയിയോടു വിട പറയുന്ന രണ്ടാമത്തെ എക്സിക്യൂട്ടീവാണു ഹതാമി. ഡിസംബറിൽ യു എസിൽ കമ്പനിയുടെ നേതൃനിരയിൽ നിന്നു ഡേവ് സുചോവ്സ്കി രാജിവച്ചിരുന്നു. 

സുചോവ്ക്സിയുടെ പിൻഗാമിയെ ഹ്യുണ്ടേയ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല; ഇടക്കാല നടപടിയെന്ന നിലയിൽ ഡബ്ല്യു ജറാൾഡാണു യു എസിൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഹ്യുണ്ടേയിയെ സംബന്ധിച്ചിടത്തോളം ചൈന കഴിഞ്ഞാൽ ഏറ്റവുമധികം വാഹന വിൽപ്പനയുള്ള വിപണിയാണു യു എസ്. കഴിഞ്ഞ മാസം യു എസ് വിപണിയിലെ കാർ വിൽപ്പനയിൽ മൊത്തത്തിൽ ഒരു ശതമാനത്തോളം ഇടിവു നേരിട്ടപ്പോൾ ഹ്യുണ്ടേയിയുടെ വിൽപ്പനയിൽ 15.5% ഇടിവു രേഖപ്പെടുത്തിയിരുന്നു. ഇതോടെ യു എസിലെ വാഹന വിൽപ്പന കണക്കെടുപ്പിൽ ഏറ്റവും ദയനീയ പ്രകടനമായി ഹ്യുണ്ടേയിയുടേത്. 

സെഡാനുകളിലെ അമിത ആശ്രയത്വം മൂലം കഴിഞ്ഞ ഏതാനും വർഷമായി യു എസിൽ മികച്ച പ്രകടനം നടത്താൻ ഹ്യുണ്ടേയ് പാടുപെടുകയാണ്. യു എസിനു സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളോട് ആഭിമുഖ്യമേറിയതാണു സെഡാനുകൾക്ക് തിരിച്ചടി സൃഷ്ടിക്കുന്നത്. രണ്ടു ദശാബ്ദത്തിനിടെ ഇതാദ്യമായി ഹ്യുണ്ടേയിയുടെയും സഹസ്ഥാപനമായ കിയ മോട്ടോഴ്സിന്റെയും വിൽപ്പന കണക്കെടുപ്പിൽ 2016ൽ ഇടിവു രേഖപ്പെടുത്തിയിരുന്നു. തുടർന്നു ദക്ഷിണ കൊറിയയിലെയും ചൈനയിലും വിൽപ്പന വിഭാഗം മേധാവികളെ കമ്പനി മാറ്റിയിരുന്നു.