Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിലെ ഹ്യുണ്ടേയ് മുൻ മേധാവി ഫോക്സ്‌വാഗനൊപ്പം

volkswagen-will-overhaul-430000-cars

ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജിയുടെ യു എസ് യൂണിറ്റിന്റെ മേധാവിയായി ഹ്യൂണ്ടേയിയുടെ മുൻ വിൽപ്പന, വിപണന വിഭാഗം മേധാവിയെ നിയമിച്ചു. ഫോക്സ്‌വാഗൻ അമേരിക്കയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആയാണു ഡെറിക് ഹാതമി ചുമതലയേൽക്കുന്നത്. മുമ്പ് നിസ്സാൻ മോട്ടോർ കമ്പനിയിലും പ്രവർത്തിച്ചിട്ടുള്ള ഹാതമിയാണു കഴിഞ്ഞ ദിവസം വരെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിന്റെ യു എസിലെ വിൽപ്പന വിഭാഗത്തെ നയിച്ചിരുന്നത്.

യു എസ് വിപണിയുടെ താൽപര്യം മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുടെ പുത്തൻ ശ്രേണി അവതരിപ്പിക്കാൻ ഒരുങ്ങുകയാണു ഫോക്സ്‌വാഗൻ. ആഗോളതലത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള നിർമാതാക്കളായ ഫോക്സ്‌വാഗന്റെ പുതിയ ഏഴു സീറ്റുള്ള എസ് യു വിയായ ‘അറ്റ്ലസ്’ കഴിഞ്ഞ മാസമാണ് യു എസിൽ വിൽപ്പനയ്ക്കെത്തിയത്. 

കാർ ബ്രാൻഡ് എന്ന നിലയിൽ നിന്നു കുടുംബ സുഹൃത്തായ വാഹന നിർമാതാവ് എന്ന പുത്തൻ പ്രതിച്ഛായ കൈവരിക്കാനാണു കമ്പനി ശ്രമിക്കുന്നതെന്ന് ഫോക്സ്‌വാഗൻ ഗ്രൂപ് ഓഫ് അമേരിക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹിൻറിച് വോബ്കെൻ നേരത്തെ വിശദീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു വലിപ്പമേറിയതും യു എസിൽ നിർമിച്ചതുമായ എസ് യു വികൾ പുറത്തിറക്കാൻ കമ്പനി തയാറെടുക്കുന്നത്. ‘ഡീസൽഗേറ്റ്’ വിവാദ പശ്ചാത്തലത്തിൽ ഡീസൽ വാഹന വിൽപ്പന വിലക്കിയതിനെ തുടർന്ന് 2015ലും 2016ലും ഫോക്സ്‌വാഗന്റെ യു എസിലെ വിൽപ്പന ഇടിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ മുൻവർഷം മേയ് മാസത്തെ അപേക്ഷിച്ച് ഏഴു ശതമാനം വളർച്ച നേടാൻ കമ്പനിക്കു കഴിഞ്ഞു. മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ ‘പുകമറ’ സോഫ്റ്റ്വെയറിനെ കൂട്ടുപിടിച്ചു വിവാദത്തിൽ കുടുങ്ങിയ ഫോക്സ്‌വാഗന് വൈദ്യുത വാഹന വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാനും പദ്ധതിയുണ്ട്. ‘ഡീസൽഗേറ്റി’ന്റെ പശ്ചാത്തലത്തിൽ യു എസിൽ പുതിയ ഡീസൽ മോഡലുകൾ അവതരിപ്പിക്കാനില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.