Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂട്ടറുകളിൽ പ്രതീക്ഷയർപ്പിച്ചു ടി വി എസ്

TVS Jupiter ZX TVS Jupiter

വരും മാസങ്ങളിൽ ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും സ്കൂട്ടറുകൾക്ക് ആവശ്യക്കാരേറുമെന്ന് ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനിക്കു പ്രതീക്ഷ. റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതും ഗതാഗതത്തിരക്ക് നഗരസമാനമായതും വനിതകളുടെ സഞ്ചാര ആവശ്യങ്ങൾ വർധിച്ചതുമൊക്കെ സ്കൂട്ടർ വിൽപ്പനയ്ക്ക് അനുകൂലമാവുമെന്നാണു പ്രതീക്ഷ.

വ്യവസായ രംഗത്ത് 22 — 30% വിൽപ്പന വളർച്ച പ്രതീക്ഷിക്കുമ്പോൾ ഗ്രാമ, അർധ നഗര മേഖലകളിലെ സ്കൂട്ടർ വിൽപ്പന 30% വർധിക്കുമെന്നു ടിവി എസ് വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) അനിരുദ്ധ ഹാർദാർ അഭിപ്രായപ്പെടുന്നു. സ്കൂട്ടർ വിപണി മൊത്തത്തിലും 10 ശതമാനത്തിലേറെ വളർച്ച കൈവരിക്കുമെന്നാണു പ്രതീക്ഷ. സ്കൂട്ടർ വാങ്ങാനെത്തുന്നവരുടെ ആവശ്യങ്ങൾ വിപുലമാവുകയാണെന്ന് ഹാൽദാർ വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ പുതിയ ഉപവിഭാഗങ്ങൾ രൂപമെടുക്കാനും സ്കൂട്ടർ വിപണി കൂടുതൽ വളരാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. 

സ്കൂട്ടർ വിപണിയിൽ ലഭ്യമായ ബ്രാൻഡുകളുടെ എണ്ണത്തിലെ വർധനയും ഈ സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്. ഏഴു വർഷം മുമ്പ് അര ഡസൻ ബ്രാൻഡുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ട് ഡസനോളം ബ്രാൻഡുകളാണു വിപണിയിലുള്ളത്.  അതേസമയം, പുതുതായി രൂപമെടുക്കാൻ സാധ്യതയുള്ള ഉപവിഭാഗങ്ങൾ ഏതൊക്കെയെന്ന് ഹാൽദാർ വിശദീകരിച്ചില്ല. എങ്കിലും ചില പ്രത്യേക വിഭാഗങ്ങളുടെ ആവശ്യം മുൻനിർത്തി സവിശേഷ ഉൽപന്നങ്ങൾ അവതരിപ്പിക്കുക ആദായകമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം നടപടികൾ വഴി സ്കൂട്ടർ വിപണിയിലെ രണ്ടാം സ്ഥാനം നിലനിർത്താനാവുമെന്നാണു ടി വി എസിന്റെ പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇക്കൊല്ലം പുതിയ സ്കൂട്ടർ പുറത്തിറക്കാനും ടി വി എസ് ലക്ഷ്യമിടുന്നുണ്ട്. നിലവിൽ കമ്പനിയുടെ ‘ജുപ്പീറ്റർ’ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന ആദ്യ 10 ഇരുചക്രവാഹനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നുണ്ട്. പ്രതിവർഷം 56 ലക്ഷത്തോളം യൂണിറ്റ് വിൽപ്പനയുള്ള ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ 2016 — 17ൽ 15% വിപണി വിഹിതമാണു ടി വി എസിനുള്ളത്. 57% വിഹിതവുമായി ഹോണ്ടയാണ് ഒന്നാം സ്ഥാനത്ത്.