Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോറൂമിനു സ്ഥലം വാങ്ങിക്കൂട്ടി മാരുതി സുസുക്കി

maruti-suzuki-logo

വിപണന ശൃംഖല വിപുലീകരണത്തിലെ നഷ്ടസാധ്യത ഒഴിവാക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) രാജ്യമെങ്ങും സ്ഥലം വാങ്ങുന്നു. നടപ്പൂ സാമ്പത്തിക വർഷം പുതിയ ഷോറൂം സ്ഥാപിക്കാനായി 77 കേന്ദ്രങ്ങളാണു കമ്പനി കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്കുള്ള ഭൂമി വാങ്ങാനായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി പുതിയ ഉപസ്ഥാപനവും രൂപീകരിച്ചിട്ടുണ്ട്. 2020ൽ വാർഷിക കാർ വിൽപ്പന 20 ലക്ഷം യൂണിറ്റിലെത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മാരുതി സുസുക്കിയുടെ ഈ നടപടി.

ഭാവി വിൽപ്പന ലക്ഷ്യങ്ങളിലേക്കുള്ള ചുവടു വയ്പെന്ന രീതിയിലാണു ഭൂമി ഏറ്റെടുക്കലിനെ കമ്പനി പരിഗണിക്കുന്നതെന്ന് എം എസ് ഐ എൽ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വിശദീകരിക്കുന്നു. വിൽപ്പനയ്ക്കും വിൽപ്പനാന്തര സേവനത്തിനും കാർ ഉടമകളുടെ ഏറ്റവുമടുത്ത് സാന്നിധ്യം ഉറപ്പിക്കാനാണു മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ഈ ശ്രമത്തിൽ വസ്തുവില തടസ്സം സൃഷ്ടിക്കരുതെന്ന് ഉറപ്പാക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാലാണു സ്വന്തം ഭൂമിയിൽ ഡീലർഷിപ് ശൃംഖല സ്ഥാപിക്കാൻ കമ്പനി ശ്രമിക്കുന്നത്.

കഴിഞ്ഞ മാർച്ച് 31ലെ കണക്കനുസരിച്ച് രാജ്യത്തെ 1,652 നഗരങ്ങളിലായി 2,020 ഔട്ട്ലെറ്റുകളാണു മാരുതി സുസുക്കിക്കുള്ളത്; എതിരാളികളായ ഹ്യുണ്ടേയ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്കർ മോട്ടോർ എന്നിവയ്ക്കെല്ലാം കൂടി ഇത്രയും ഡീലർഷിപ്പുകളില്ലെന്നതാണു യാഥാർഥ്യം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിപണന ശൃംഖല വിപുലീകരിക്കാൻ ഊർജിത ശ്രമമാണു മാരുതി സുസുക്കി നടത്തിയത്; ഇതോട 2010 — 11ൽ 1,100 ഡീലർഷിപ്പുകൾ ഉണ്ടായിരുന്നത് 2017 മാർച്ചിൽ 2,020 ആയി ഉയർന്നു.

ഇതിനു പുറമെ പഴയ കാറുകൾ മാറ്റി നൽകാനുള്ള ട്രൂ വാല്യൂ വിഭാഗത്തിൽപെടുന്ന 1,007 ഔട്ട്ലെറ്റുകളും മാരുതി സുസുക്കിക്കുണ്ട്. കൂടാതെ 1,556 നഗരങ്ങളിലായി 3,200 സർവീസ് ഔട്ട്ലെറ്റുകളും കമ്പനിക്കുണ്ട്. വാർഷിക വിൽപ്പന 20 ലക്ഷത്തിലെത്തിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി രാജ്യത്തെ ഔട്ട്ലെറ്റുകളുടെ എണ്ണം 4,000 ആയി ഉയർത്താനാണു മാരുതി സുസുക്കി ലക്ഷ്യമിട്ടിരിക്കുന്നത്. പുതിയ വിപണനശാല സ്ഥാപിക്കാനുള്ള  ഭൂമി മാരുതി സുസുക്കി കണ്ടെത്തി സ്വന്തമാക്കുകയും തുടർന്നു ഷോറൂം നിർമാണത്തിനായി ഡീലറെ ഏൽപ്പിക്കാനുമാണു കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള 77 കേന്ദ്രങ്ങളാണു 2016  17ൽ കമ്പനി കണ്ടെത്തിയത്; ഇവ സ്വന്തമാക്കാനുള്ള നടപടികൾ പുരോഗതിയിലാണെന്നു ചീഫ് ഫിനാൻഷ്യൽ ഓഫിസർ അജയ് സേഥ് അറിയിച്ചു.