Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാദേശിക അസംബ്ലിങ് വർധിപ്പിക്കാൻ ട്രയംഫ് ഇന്ത്യ

triumph-bonneville Triumph Bonneville

ബ്രിട്ടീഷ് സൂപ്പർ ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾസ്  ഇന്ത്യയിൽ പ്രാദേശിക അസംബ്ലിങ് ഗണ്യമായി വർധിപ്പിക്കാൻ തയാറെടുക്കുന്നു. അടുത്ത വർഷത്തോടെ ഇന്ത്യയിൽ വിൽക്കുന്ന മോട്ടോർ സൈക്കിളുകളിൽ 90 ശതമാനവും പ്രാദേശികമായി അസംബ്ൾ ചെയ്യാനാണു കമ്പനിയുടെ നീക്കം.

കഴിഞ്ഞ ദിവസം കമ്പനി പുതിയ ‘സ്ട്രീറ്റ് ട്രിപ്ൾ എസ്’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു; 8.50 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില. ഇതോടെ അഞ്ചു വിഭാഗങ്ങളിലായി 16 മോഡലുകളാണു കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്. ഇതിൽ 20% മാത്രമാണു കമ്പനി നിലവിൽ ഹരിയാനയിലെ മനേസാറിലുള്ള ശാലയിൽ അസംബ്ൾ ചെയ്യുന്നത്. ‘സ്ട്രീറ്റ് ട്രിപ്ൾ എസ്’ മനേസാറിൽ അസംബ്ൾ ചെയ്താണു ട്രയംഫ് വിൽപ്പനയ്ക്കെത്തിക്കുക. ഇക്കൊല്ലം 250 — 300 ‘സ്ട്രീറ്റ് ട്രിപ്ൾ എസ്’ വിൽക്കാനാവുമെന്നാണു ട്രയംഫ് കണക്കുകൂട്ടുന്നത്. 

അടുത്ത വർഷത്തോടെ ഇന്ത്യയിൽ വിൽക്കുന്ന ബൈക്കുകളിൽ 90 ശതമാനവും പ്രാദേശികമായി അസംബ്ൾ ചെയ്തവയാക്കണമെന്നാണു കമ്പനിയുടെ ലക്ഷ്യമെന്നു ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിമൽ സുംബ്ലി അറിയിച്ചു. ജൂൺ — മേയ് സാമ്പത്തിക വർഷം പിന്തുടരുന്ന കമ്പനി ഇക്കൊല്ലം 200 യൂണിറ്റെങ്കിലും പ്രാദേശികമായി നിർമിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. മൊത്തം 1,200 — 1,300 യൂണിറ്റിന്റെ വിൽപ്പനയും ഇക്കൊല്ലം ട്രയംഫ് ലക്ഷ്യമിടുന്നുണ്ടെന്ന് സുംബ്ലി വെളിപ്പെടുത്തി. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ സജീവമാകുന്നതിന്റെ ഭാഗമായി അടുത്ത വർഷത്തോടെ 1,200 യൂണിറ്റെങ്കിലും ഇന്ത്യയിൽ തന്നെ നിർമിക്കാനാണു ട്രയംഫിന്റെ പദ്ധതി. നിലവിൽ തായ്ലൻഡിലും യു കെയിലും നിർമിച്ച വാഹനങ്ങളാണു കമ്പനി ഇന്ത്യയിൽ വിൽക്കുന്നതിലേറെയും.